സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ജാമ്യം, തടയാൻ കേന്ദ്രം മുതിർന്ന അഭിഭാഷകരെ ഇറക്കുന്നു

സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് ജാമ്യം കിട്ടുന്നത് തടയാൻ അന്വേഷണ ഏജൻസികൾ നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി മുതിർന്ന അഭിഭാഷകരെ രംഗത്തിറക്കുകയാണ് അന്വേഷണ സംഘം.എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ വെള്ളിയാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അഡീഷണൽ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ സൂര്യപ്രകാശ് വി. രാജുവാണ് ഹാജരായത്. കേസിൽ സ്വപ്നാ സുരേഷിന് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന ഘട്ടം വന്നതോടെയാണിത്.
ഇതുവരെ അറസ്റ്റിലായവരിൽ 10 പേർക്കും ജാമ്യം ലഭിച്ചത് വലിയ തിരിച്ചടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി.ഇത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. സ്വർണക്കടത്ത് കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചാൽ എൻഐഎ കോടതിയും ജാമ്യം നൽകിയേക്കുമെന്ന ആശങ്ക അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. ഇത് തടയുന്നതിനാണ് മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥരെ തന്നെ നിയോഗിക്കുന്നതെന്നാണ സൂചന. സി.ബി.ഐ, എൻ.ഐ.എ, കസ്റ്റംസ്, ഇ.ഡി. എന്നിവയ്‌ക്കെല്ലാം പ്രത്യേക അഭിഭാഷകരുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയത് കേസിൽ ഒക്ടോബർ 13ന് സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷേയിൽ കോടതി വിധിപറയും.