News

അകലം വേണ്ട മനസുകൾ തമ്മിൽ; ഇന്ന് ലോക മാനസികാരോഗ്യ ദിനം

ലോകം ഒന്നാകെ കോവിഡ്19 മഹാമാരിക്കെതിരെ പോരാടുന്ന സമയത്താണ് ഒക്ടോബര്‍ 10ന് ലോക മാനസികാരോഗ്യ ദിനം ഇത്തവണ കടന്നു വരുന്നത്. ലോകമെമ്പാടും മനുഷ്യർ അതിജീവനത്തിൻ്റെ പാതയിൽ നിൽക്കുമ്പോൾ ഇത്തവണ ഈ ദിനത്തിൻ്റെ പ്രാധാന്യം ഏറുകയാണ്.കോവിഡിനൊപ്പം ജീവിക്കുന്ന മനുഷ്യന്റെ മാനസികാരോഗ്യമാണ് ഇത്തവണത്തെ മാനസികാരോഗ്യ ദിനത്തിൽ ഏറ്റവും ചർച്ചയാകുന്നത്.

എല്ലാവര്‍ക്കും മാനസികാരോഗ്യം, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ പ്രാപ്യം ഏവര്‍ക്കും എവിടെയും’ എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ വിഷയം.പുതിയ പ്രതിസന്ധി അതിജീവിക്കാൻ മനുഷ്യമനസ്സുകൾ സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു.സമയം മികച്ച നിക്ഷേപം മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ, സംവിധാനങ്ങൾ, വിദഗ്ധരുടെ സേവനം, ചികിത്സാ ആനുകൂല്യങ്ങൾ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ കൂടുതൽ നിക്ഷേപംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുവഴി എല്ലാവർക്കും ഈ സംവിധാനം പ്രാപ്യമാക്കുക കൂടിയാണ് ലക്ഷ്യം.

എന്നാൽ, നിക്ഷേപത്തിന് സാമ്പത്തികവശം മാത്രമല്ല ഉള്ളതെന്ന് വിദഗ്ധർ പറയുന്നു.മാനസികാരോഗ്യത്തിനായുള്ള സമയ നിക്ഷേപമാണ് മറ്റൊരു വശം. മാനസിക പ്രശ്നം നേരിടുന്നവർക്ക് ആശ്വാസം പകരാൻ ഫലപ്രദമായി സമയം ചെലവിടുകയെന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. കോവിഡ്, ലോക്‌ഡൗൺ എന്നീ പുതിയ അനുഭവങ്ങളും അനുബന്ധ ഘടകങ്ങളും ആദ്യഘട്ടത്തിൽ മനുഷ്യ മനസുകളിൽ വലിയ ആശങ്കയും ഭയവുമാണുണ്ടാക്കിയത്. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള മനുഷ്യന്റെ ശേഷിയിൽ കോവിഡിനോടുള്ള ഭയം ക്രമേണയായി കുറഞ്ഞുവന്നു.സാധാരണക്കാരുടെ അവസ്ഥ ഇങ്ങനെ ആകുമ്പോൾ ആരോഗ്യ പ്രവർത്തകർക്കും ഇതേ മന സംഘർഷങ്ങളുണ്ട്.കോവിഡ് എന്ന് തീരുമെന്ന ആശങ്ക ഏറ്റവും കൂടുതൽ അലട്ടുന്നത് ഇവരെയാണ്.

മനോരോഗം ഇല്ലാത്ത അവസ്ഥ മാത്രമല്ല മാനസികാരോഗ്യം. ഓരോ വ്യക്തിയും അവനവന്റെ സാഹചര്യങ്ങളേയും പ്രാപ്തിയേയും മനസിലാക്കി ജീവിതത്തിൽ സാധാരണയായി ഉണ്ടാകുന്ന സമ്മർദങ്ങളെ അതിജീവിച്ച് ഫലപ്രദമായി ജോലി ചെയ്ത് ഉത്തരവാദിത്തം നിറവേറ്റി സമൂഹത്തിന് ഗുണകരമായി തീരുന്ന ക്ഷേമാവസ്ഥയ്ക്കാണ് മാനസികാരോഗ്യം എന്ന് പറയുന്നത്. ലോകത്ത് ഏതാണ്ട് നൂറ് കോടിയിലധികം ജനങ്ങൾക്ക് മനോരോഗം ഉണ്ട്. അതിൽ 75 ശതമാനം പേർക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ല എന്ന് മനസിലാകുമ്പോഴാണ് ഇതിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ടത്.മറ്റേത് കാലഘട്ടങ്ങളേക്കാൾ അധികമായി സാധാരണ ജനങ്ങൾക്ക് സമ്മർദങ്ങളെ നേരിടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അതു കൊണ്ട് തന്നെ മാനസികാരോഗ്യ പരിചരണത്തിനായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ എന്ന പേരില്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ഫെബ്രുവരി ആദ്യവാരം മുതല്‍ തന്നെ സംസ്ഥാനത്ത് നല്‍കി വരുന്നു. ക്വാറന്റൈനിലും ഐസൊലേഷനലും കഴിഞ്ഞ 14.9 ലക്ഷം പേര്‍ക്ക് ഉള്‍പ്പെടെ 36.46 ലക്ഷം ആൾക്കാരാണ് ഈ പദ്ധതി ഉപയോഗപ്പെടുത്തിയത്.

ചുരുക്കത്തിൽ ഒരാളുടെ മാനസികാരോഗ്യമാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ യോഗ്യത. മിക്ക മൾട്ടിനാഷണൽ കമ്പനികളിലും തങ്ങളുടെ ജീവനക്കാരെ പ്രത്യേകിച്ച് മാനേജ്യരൽ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കുന്നത് അവരുടെ ഇമോഷ്ണൽ കോഷ്യന്റ് അല്ലെങ്കിൽ ഇമോഷണൽ ഇന്റലിജൻസ് നോക്കിയിട്ടാണ് എന്നത് ഇന്നത്തെകാലത്തെ പ്രത്യേകതയാണ്. അതിനാൽ തന്നെ പുതു തലമുറ തങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങണം. ഇപ്രകാരം സ്വയം വിലയിരുത്തി, ആളുകൊണ്ടും അർത്ഥം കൊണ്ടും അധ്വാനം കൊണ്ടും നമ്മുടെ മാനസികാരോഗ്യ രംഗത്തെ പരിപോഷിപ്പിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button