ഓപ്പറേഷൻ റേഞ്ചർ: തൃശ്ശൂരിൽ വ്യാപക ആയുധ വേട്ട

ഓപ്പറേഷൻ റെഞ്ചർ കർശനമായി നടപ്പിലാക്കാൻ ഒരുങ്ങി തൃശ്ശൂർ സിറ്റി പോലീസ്.സാമൂഹ്യ വിരുദ്ധരേയും ഗുണ്ടാ സംഘങ്ങളെയും കർശനമായി നേരിടുന്നതിൻ്റെ ഭാഗമായാണ് നടപടി. ഏതാനും ദിവസങ്ങളിലായി തൃശ്ശൂരിൽ കൊലപാതക പരമ്പര അരങ്ങേറിയ പശ്ചാത്തലത്തിലാണ് പോലീസിൻ്റെ നീക്കം.
നടപടിയുടെ ഭാഗമായി നടത്തിയ റെയ്ഡിൽ ആയുധങ്ങൾ പിടിച്ചെടുത്തു.ക്രിമിനൽ നടപടിക്രമം 107, 108 വകുപ്പുകൾ പ്രകാരമുള്ള കരുതൽ നടപടികൾ കർശനമാക്കും. ബോണ്ട് ലംഘനം നടത്തുന്നവരെ കരുതൽ തടങ്കലിന് വിധേയമാക്കാനും തിരുമാനമുണ്ട്.
വിവിധ കോടതികളിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകൾ സമയബന്ധിതമായി നടപ്പാക്കും. ജാമ്യത്തിലിറങ്ങി ഒളിവിൽ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കുറ്റവാളികളുടെ കുറ്റകൃത്യങ്ങളുടെ രീതി അനുസരിച്ച് പ്രത്യേക ലിസ്റ്റ് തയാറാക്കും. അക്രമ സ്വഭാവികൾ, പിടിച്ചുപറിക്കാർ, സാമ്പത്തിക കുറ്റവാളികൾ, മാലമോഷ്ടാക്കൾ, മദ്യം മയക്കുമരുന്ന് കഞ്ചാവ് വിൽപ്പനക്കാർ എന്നിവരുടെയെല്ലാം ലിസ്റ്റ് തയാറാക്കി, നിരീക്ഷണം കർശനമാക്കും.
കൊടും കുറ്റവാളികൾ, ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, മുൻ കുറ്റവാളികൾ, ഗുണ്ടാ സംഘങ്ങൾ എന്നിവരെ അവർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ തോതനുസരിച്ച് ലിസ്റ്റുകളായി തരം തിരിച്ചാണ് റെയ്ഡ് നടത്തുന്നത്. തൃശൂർ സിറ്റി പൊലീസിന് കീഴിൽ വരുന്ന 20 പൊലീസ് സ്റ്റേഷൻ പരിധികളിൽ വ്യാപക റെയ്ഡ് നടത്തി. 330 ഒളിത്താവളങ്ങളിലും ഇതിനോടകം റെയ്ഡ് നടത്തിയിട്ടുണ്ട്.ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി വിപുലമായ പദ്ധതികളാണ് സേന നടപ്പിലാക്കുന്നത്.
കുറ്റവാളികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് തത്സമയ റിപ്പോർട്ടുകൾ നൽകാൻ ഇന്റലിജൻസ് പ്രവർത്തനം ഊർജ്ജിതമക്കി. കുറ്റവാളികളുടേയും ഗുണ്ടാ സംഘങ്ങളുടേയും സഞ്ചാരം സൈബർസെലും നിരീക്ഷിക്കും.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇപ്പോൾ അന്വേഷണാവസ്ഥയിലുള്ള കേസുകളിലെ മുഴുവൻ പ്രതികളുടേയും ലിസ്റ്റ് തയ്യാറാക്കി, ഒളിവിൽ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി