ജോസ് കെ മാണിയെ തിരികെ കൊണ്ടുവരണം : കെ മുരളീധരൻ

ജോസ് കെ മാണിയുൾപ്പടെ യു.ഡി.എഫിന് പുറത്ത് പോയവരെയെല്ലാം തിരികെ കൊണ്ടുവരണമെന്ന് കെ.മുരളീധരൻ എം.പി.കേരള കോൺഗ്രസ് എം ജോസ് വിഭാഗം യു.ഡി.എഫ് വിട്ട സംഭവം ദൗർഭാഗ്യകരമാണ്.
രണ്ട് പേരും ചില്ലറ വിട്ടുവീഴ്ചകൾ നടത്തേണ്ടതായിരുന്നുവെന്നും കെ.മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു
കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന്റെ പേരിലാണ് മാണി വിഭാഗം മുന്നണിക്ക് പുറത്തുപോയത്. കൂടുതൽ കക്ഷികൾ മുന്നണി വിട്ടുപോയാൽ പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോസ് കെ.മാണിയെ തിരികെ കൊണ്ടുവരാനൊന്നും താൻ ശ്രമം നടത്തിയിട്ടില്ല. അതിനുള്ള സവിശേഷ അധികാരമൊന്നും തനിക്ക് ആരും തന്നിട്ടില്ല. എങ്കിലും എൻ.സി.പിക്ക് യു.ഡി.എഫിലേക്ക് വരാൻ ഒരു തടസ്സവുമില്ല. അവരിൽ പലരും ഇടതു മനസ്സുമായി ഒത്തുപോവാൻ ബുദ്ധിമുട്ടുന്നവരാണെന്നും അതുകൊണ്ട് തന്നെ എല്ലാവരേയും സ്വാഗതം ചെയ്യുകയാണെന്നും മുരളി പറഞ്ഞു.
അധികാരം നിലനിർത്താൻ എന്ത് വൃത്തികെട്ട കളിയും കളിക്കുന്നവരാണ് എൽ.ഡി.എഫ്. മാണിസാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാൻ പോലും അനുവദിക്കാത്തവരായിരുന്നു അവർ. അവിടെക്കാണ് ഇപ്പോൾ മകൻ എത്തിയിരിക്കുന്നത്.പലപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കമ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടാവുന്നുവെന്നും ചർച്ചചെയ്താൽ തീരുന്ന പ്രശ്നമേ അവർക്കെല്ലാം ഉണ്ടായിരുന്നുള്ളൂവെന്നുമാണ് തനിക്ക് തോന്നുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
ഒരു കാലത്ത് കെ.എം മാണിയും ആർ ബാലകൃഷ്ണപ്പിള്ളയും വീരേന്ദ്രകുമാറും എല്ലാം ചേർന്നതായിരുന്നു പ്രബലമായ യു.ഡി.എഫ് മുന്നണി. അവരിൽ ചിലർ ഇന്നില്ലെങ്കിലും പിൻമുറക്കാർ എൽ.ഡി.എഫിനൊപ്പമാണെന്ന് ഓർക്കണമെന്നും മുരളി പറഞ്ഞു.