CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNews

കേരളത്തിലെ 300 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ രോഗ നിര്‍ണയ പരിശോധനകള്‍ ലഭ്യമാക്കുന്നു.

കേരളത്തിലെ 300 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ രോഗ നിര്‍ണയ പരിശോധനകള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഗര്‍ഭിണികള്‍, 18 വയസിന് താഴെയുള്ള കുട്ടികള്‍, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ഇതുവരെ സൗജന്യ രോഗനിര്‍ണയ സേവനം നല്‍കി വന്നിരുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഈ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് സർക്കാർ ഇപ്പോൾ രൂപം നല്‍കിയിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചെലവേറിയതുള്‍പ്പെടെ 64 രോഗ പരിശോധനാ സൗകര്യങ്ങളാണ് ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നത്. ഈ സൗകര്യം ഒരുക്കുന്നതിന് കെ എം എസ്‌ സി എല്‍ മുഖാന്തിരം 18.40 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ആദ്യഘട്ടമായി 300 ഓളം കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും സൗജന്യ രോഗ നിര്‍ണയ പരിശോധന ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 282 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും, 18 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വഴിയുമാണ് സൗജന്യ രോഗ നിര്‍ണയ പരിശോധന ലഭ്യമാക്കുന്നത്. മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഗുണമേന്മ ഉറപ്പ് വരുത്തിയാണ് ഉപകരണങ്ങളും റീയേജന്റും ഉള്‍പ്പെടെയുള്ള പരിശോധനാ സംവിധാനങ്ങള്‍ കെഎംഎസ്‌സിഎല്‍ മുഖാന്തിരം ഓരോ കേന്ദ്രത്തിലും ഒരുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഹീമോഗ്ലോബിന്‍, ടോട്ടല്‍ ലൂക്കോസൈറ്റ്, പ്ലേറ്റ്ലറ്റ് കൗണ്ട്, ബ്ലഡ് ഗ്രൂപ്പ്, ബ്ലീഡിംഗ് ടൈം, ക്ലോട്ടിംഗ് ടൈം, വിവിധ യൂറിന്‍ ടെസ്റ്റുകള്‍, ഡെങ്കു ടെസ്റ്റ്, ഹെപ്പറ്റെറ്റിസ് ബി, ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, ടോട്ടല്‍ കൊളസ്ട്രോള്‍, സിറം ടെസ്റ്റുകള്‍, ഡിഫ്റ്റീരിയ ടെസ്റ്റ്, ടിബി ടെസ്റ്റ്, ന്യൂ ബോണ്‍ സ്‌ക്രീനിംഗ് ഉള്‍പ്പെടെയുള്ള സിആര്‍പി, ടിഎസ്എച്ച് തുടങ്ങിയ ചെറുതും വലുതുമായ 64 പരിശോധനകളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി സാധ്യമാക്കുന്നത്. ചെലവേറിയ ഈ പരിശേധനകള്‍ സൗജന്യമായി ലഭ്യമാകുന്നതോടെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. /പ്രസ് റിലീസ്/

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button