കേരള കോൺഗ്രസ്സിൽ ഒടുവിലത്തെ നാശമണി കേൾക്കുന്നു.

വളരുന്തോറും പിളരുകയും, പിളരുന്തോറും വളരുകയും ചെയ്തിരുന്ന കേരള കോൺഗ്രസിലെ ജോസ്, ജോസഫ് വിഭാഗങ്ങൾ അടിച്ചുപിരിഞ്ഞു പാർട്ടിയുടെ ഒടുവിലത്തെ നാശമണി അടിക്കുകയാണ്. പാർട്ടിക്കുള്ളിലെ ഉൾപാർട്ടി തർക്കം പരിഹരിക്കാൻ തിരുവഞ്ചൂരിന്റെയും ബെന്നി ബെഹ്നാന്റെയും അവസാനവട്ട അനുരഞ്ജന നീക്കവും പാളിയതോടെ ജോസ്, ജോസഫ് വിഭാഗങ്ങൾ ഇനി രണ്ടു വഴിക്കെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. പ്രശനം തീർക്കാൻ കെ പി സി സി ശ്രമങ്ങൾ നടത്തുമ്പോൾ, ഡി സി സി ആകട്ടെ ജോസഫിന്റെ അനുചരന്മാരുടെ സഹായത്തോടെ തന്നെ കേരള കോൺഗ്രസിനെ പിച്ചിച്ചീന്തി എറിയാൻ കിട്ടുന്ന അവസരം മുതലാക്കാനുള്ള ശ്രമത്തിലും.
ജോസിനെ ഒഴിവാക്കിയാൽ തങ്ങൾക്കു എത്ര സീറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും കിട്ടുമെന്നാണ് ഡി സി സി യിലെ നേതാക്കൾ ലക്ഷ്യമിടുന്നത്.
ജോസ്, ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള അധികാര കസേരക്കുള്ള വടംവലി, മുതലാക്കി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ളതാണ്
ഡി സി സി യുടെ തന്ത്രം. കോട്ടയത്തിനു എന്നും സമ്മതനായിരുന്ന കെ എം മാണിയുടെ കോട്ടതകർക്കാനുള്ള ഡി സി സി നീക്കം വിജയം കാണുമോ എന്ന് കണ്ടു തന്നെ അറിയണം. കാരണം, ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ പാലായിൽ ജനവിധി എഴുതപ്പെട്ടതാണ്. ജോസഫ്ഉം, , ജോസഫിനെ പിന്തുണ നൽകുന്ന ജില്ലാ കോൺഗ്രസ് നേതൃത്വവും വിചാരിച്ചപ്പോൾ നടന്ന കാലുവാരൽ കൊണ്ട് യു ഡി എഫിന് പാലാ നഷ്ടമായി. മാണിയെ മറന്നുള്ള കളി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ യു ഡി എഫിന്റെ പ്രത്യേകിച്ച് കോൺഗ്രസിന്റെ സ്വപ്നങ്ങളായിരിക്കും കോട്ടയത്ത് തച്ചുടക്കപെടുക.
ജോസഫ് വാഴക്കന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോട്ടയം ഡിസിസി യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആണ് ജോസ് കെ മാണിക്കെതിരെ കരുക്കൾ നീക്കിയത്. കേരളാ കോൺഗ്രസിലെ ജോസ് കെ മാണി വിഭാഗം മുന്നണിക്ക് പുറത്തുപോയാൽ മത്സരിക്കാൻ കുറഞ്ഞത് മൂന്നു സീറ്റുകൾ എങ്കിലും കിട്ടുമെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ. ഈ പ്രതീക്ഷയിലാണ് അവർ മുറുകെ പിടിച്ചിരിക്കുന്നത്. അങ്ങനെ എങ്കിൽ ആർക്കൊക്കെ സീറ്റ് എന്നതിനെ പറ്റിയും, ചില ഡി സി സി നേതാക്കൾക്ക് നടക്കാത്ത മോഹന വാഗ്ദാനങ്ങൾ ഡി സി സി പ്രസിഡന്റ് നൽകിക്കഴിഞ്ഞു.
മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തി കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി തുടരേണ്ടതില്ലെന്നാണ് കോട്ടയം ഡിസിസിയുടെ നിലപാട്മു എടുക്കുന്നത് അങ്ങനെയായിരുന്നു. ജില്ലയിലെ പല നിയമസഭാ സീറ്റിലും താല്പര്യമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഈ നീക്കങ്ങള്‍ക്കും, തീരുമാനത്തിനും, പിന്നിൽ കരുക്കൾ നീക്കിയതെന്നതാണ് ശ്രദ്ധേയം. ജില്ലയിലെ ആകെയുള്ള ഒമ്പത് മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് കോൺഗ്രസ് മത്സരിക്കുന്നത്. അതിൽ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയും തിരുവഞ്ചൂരിന്റെ കോട്ടയവും കഴിഞ്ഞാൽ വൈക്കം വലിയ സാദ്ധ്യതകൾ ഇല്ലാത്ത ഒന്നാണ്. ജോസ് കെ മാണി മുന്നണി വിട്ടാല്‍ പാലാ, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ. ഇതിൽ നിലവിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റേതായി കാഞ്ഞിരപ്പള്ളി മാത്രമാണ് ഉള്ളത്. കടുത്തുരുത്തി, ചങ്ങനാശേരി മണ്ഡലങ്ങളിലെ എം.എൽ.എ മാരായ മോൻസ് ജോസഫ്, സി.എഫ്. തോമസ് എന്നിവർ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലാണ്.
ജില്ലയിലെ കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ എണ്ണമാകട്ടെ ഒരു ഡസനിലേറെ വരും. ചങ്ങനാശ്ശേരിക്കാരനും മുൻ ഡിസിസി അധ്യക്ഷനുമായ കെ.സി ജോസഫ് 1982 മുതൽ കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിൽ എത്തുന്നത്. ഇതിനെതിരെ പ്രാദേശിക വികാരം ശക്തവുമാണ്. പാലാ മണ്ഡലത്തിൽ നിന്നുള്ള ജോസഫ് വാഴക്കൻ മൂവാറ്റുപുഴ നിന്നാണ് മത്സരിച്ചത്. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതിക സുഭാഷ്, ഡിസിസി മുൻ അധ്യക്ഷൻ ടോമി കല്ലാനി, ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ്, തുടങ്ങിയ നിരവധി മുൻ നിരനേതാക്കൾ പരിഗണനയിൽ ഉണ്ടാകും. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണി വിഭാഗത്തെ പൂര്‍ണ്ണമായും ഒഴിവാക്കുവാൻ ഡി സി സി യിലെ കോൺഗ്രസിലെ വലിയൊരു വിഭാഗം തന്നെ ആഗ്രഹിക്കുന്നത്.
അതേസമയം, ജോസ് കെ മാണി വിഭാഗം മുന്നണി വിടുന്ന അവസ്ഥ വന്നാൽ കേരള കോണ്‍ഗ്രസിലെ പല പ്രമുഖരും അടുത്ത തവണ നിയമ സഭയുടെ പടിപോലും കാണില്ലെന്നാണ് ഒരു ജോസ് വിഭാഗം വക്താവ് പറയുന്നത്. കോൺഗ്രസിന്റെ കോട്ടയത്തെ കോട്ടകൾ പോലും ആ കാറ്റിൽ ഇളകുമെന്നും ഉറപ്പാവുകയാണ്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വാക്കുകൾ ഇതോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്.
കേരളത്തിൽ ഒരു രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നാണ് കോടിയേരി പറഞ്ഞിട്ടുള്ളത്. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പി.ജെ ജോസഫുമായുള്ള കേരള കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കവും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പങ്കുവെക്കുന്നതുസംബന്ധിച്ച കരാർ പാലിക്കുന്നതിലെ ഭിന്നതയുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. നിലവില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കുന്ന സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ രാജിവെക്കില്ലെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്. ജോസഫ് വിഭാഗം അവിശ്വാസം കൊണ്ട് വന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം അതിനെ പിന്താങ്ങുമെന്നും പറഞ്ഞിരിക്കുന്നു. ചില മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കള്‍ ഇപ്പോഴും ജോസ് കെ മാണിക്കൊപ്പം നിന്ന് ശക്തമായ പിന്തുണയാണ് ജോസിന് നൽകി വരുന്നത്.