ഇനി മലയാളത്തിലേക്കില്ല: വിജയ് യേശുദാസ്

ഇനി മുതൽ മലയാള ചിത്രങ്ങളിൽ പാടില്ലെന്ന് ഗായകൻ വിജയ് യേശുദാസ്. പിന്നണി ഗായകർക്കും സംഗീത സംവിധായകർക്കു
മൊന്നും മലയാളത്തിൽ അർഹിക്കുന്ന പരിഗണനയോ പ്രാധാന്യമോ ലഭിക്കുന്നില്ലെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നതെന്നും വിജയ് വ്യക്തമാക്കി. മലയാളത്തിലെ ഒരു പ്രമുഖ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തി
ലാണ് വിജയിയുടെ വെളിപ്പെടുത്തൽ.എന്നാൽ തമിഴിലും തെലുങ്കിലും താൻ പിന്നണി രംഗത്തുണ്ടാവുമെന്നും വിജയ് അറിയിച്ചു.
പാട്ടിനൊപ്പം അഭിനയ രംഗത്തും കഴിവ് തെളിയിച്ച പ്രതിഭയാണ് വിജയ്.ഇവൻ എന്ന മലയാള ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. ധനുഷ് നായകനായ തമിഴ് സൂപ്പർ ചിത്രം ‘മാരി’യിൽ ഇൻസ്‌പെക്‌ടറായുളള വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടു. നടൻ വിജയോടൊപ്പം അടുത്ത തമിഴ് ചിത്രത്തിൽ വിജയ് യേശുദാസ് വേഷമിടുന്നുണ്ട്. സാൽമൺ എന്ന ബഹുഭാഷാ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.
അച്ഛൻ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസിനൊപ്പം 2000ൽ ‘മില്ലേനിയം സ്‌റ്റാർസ്’ ചിത്രത്തിലൂടെയാണ് വിജയ് മലയാള പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഏറ്റവുമൊടുവിൽ 2019ൽ ‘ജോസഫ്’ എന്ന ചിത്രത്തിലെ പൂമുത്തോളേ…എന്ന ഗാനത്തിനുൾപ്പടെ മൂന്ന് തവണ മികച്ച ഗായകനുളള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ചലച്ചിത്ര പിന്നണിഗാന രംഗത്ത് എത്തി ഇരുപത് വർഷം തികഞ്ഞ ഈ സമയത്ത് വിജയ് നടത്തിയ ഈ അഭിപ്രായപ്രകടനം ഏവരെയും ഞെട്ടിക്കുന്നതാണ്.