ഫെർഗൂസൺ മികവിൽ കൊൽക്കത്തക്ക് സൂപ്പർ വിജയം

സൂപ്പർ ഓവർ വരെ നീണ്ട ആവേശം നിറഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സൂപ്പർ വിജയം. എതിരാളികളെ വട്ടം കറക്കുന്ന പന്തുകളുമായി നിറഞ്ഞാടിയ ഫെർഗൂസൻ്റെ കരുത്തിലായിരുന്നു കൊൽക്കത്തയുടെ വിജയം. ജയത്തോടെ കൊൽക്കത്ത പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് വെറും രണ്ട് റൺസ് മാത്രമാണ് എടുത്തത്. ഇത് അനായാസം കൊൽക്കത്ത മറികടന്നു.
സൂപ്പർ ഓവറിലും ഫെർഗൂസൻ തന്നെയാണ് പന്തെറിഞ്ഞത്. ആദ്യ പന്തിൽ വാർണറെ ക്ലീൻ ബൗൾഡ് ആക്കിയ ഫെർഗൂസൻ മൂന്നാം പന്തിൽ സമദിനെ പുറത്താക്കി. രണ്ട് റൺസ് മാത്രമാണ് ആ ഓവറിൽ ഹൈദ്രാബാദിന് നേടാനായത്. മൂന്നുറൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത അനായാസം സ്കോർ കണ്ടെത്തി.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സും നിശ്ചിത ഓവറിൽ ഇതേ സ്കോർ എടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. അവസാന ഓവറിൽ ജയിക്കാൻ 18 റൺസായിരുന്നു സൺറൈസേഴ്സിന് വേണ്ടിയിരുന്നത്. ആന്ദ്രെ റസ്സൽ എറിഞ്ഞ അവസാന ഓവറിൽ 17 റൺസ് കണ്ടെത്തി ക്യാപ്റ്റൻ വാർണറാണ് മത്സരം സമനിലയിലാക്കിയത്. ഒരു ഘട്ടത്തിൽ തോൽവിയിലേക്ക് പോകുകയായിരുന്ന ടീമിനെ ഒറ്റയ്ക്ക് സമനിലയിലേക്ക് നയിച്ചത് 33 പന്തുകളിൽ നിന്നും പുറത്താവാതെ 47 റൺസെടുത്ത വാർണ്ണറുടെ ഒറ്റയാൾ പോരാട്ടമാണ്.
ക്യാപ്റ്റൻ ഡേവിഡ് വാർണർക്ക് പകരം വില്യംസണാണ് ഓപ്പണറായി ഇറങ്ങിയത്. 163 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൺറൈസേഴ്സിന് വേണ്ടി ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും കെയ്ൻ വില്യംസണും ചേർന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്. തുടക്കം പക്ഷെ ബാക്കിയുള്ളവർക്ക് മുതലാക്കാനായില്ല.ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 5.2 ഓവറിൽ സ്കോർ 50 കടത്തി.

എന്നാൽ ഏഴാം ഓവറിലെ ആദ്യ പന്തിൽ വില്യംസണെ പുറത്താക്കി ലോക്കി ഫെർഗൂസൻ ഈ കൂട്ടുകെട്ട് പൊളിച്ചു. ഈ സീസണിൽ ആദ്യമായി കളിക്കാൻ അവസരം ലഭിച്ച ഫെർഗൂസൻ ആദ്യ പന്തിൽ തന്നെ 29 റൺസെടുത്ത വില്യംസണെ പുറത്താക്കി. പിന്നാലെയെത്തിയ പ്രിയം ഗാർഗിനെയും മടക്കി ഫെർഗൂസൻ വീണ്ടും സൺറൈസേഴ്സിന് പ്രഹരമേൽപ്പിച്ചു. നാലാമനായാണ് ക്യാപ്റ്റൻ വാർണർ ക്രീസിലെത്തിയത്.തൊട്ടടുത്ത ഓവറിൽ 36 റൺസെടുത്ത ബെയർസ്റ്റോയും മടങ്ങി. വരുൺ ചക്രവർത്തിക്കായിരുന്നു വിക്കറ്റ്. തൊട്ടുപിന്നാലെ മനീഷ് പാണ്ഡെയെ ക്ലീൻ ബൗൾഡാക്കി ഫെർഗൂസൻ മൂന്നാം വിക്കറ്റ് നേടി.നാലോവറിൽ വെറും 15 റൺസ് മാത്രം വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.
മനീഷ് പാണ്ഡെയ്ക്ക് പകരമെത്തിയ വിജയ് ശങ്കർ പാറ്റ് കമ്മിൻസിന്റെ പന്തിൽ പുറത്തായി. പക്ഷേ ഒരറ്റത്ത് ക്യാപ്റ്റൻ വാർണർ പതറാതെ പിടിച്ചുനിന്നു. പിന്നാലെയെത്തിയ സമദുമായി ചേർന്ന് വാർണർ രക്ഷാപ്രവർത്തനം നടത്തി. അവസാന ഓവറിൽ മികച്ച പ്രകടനം പുറത്തെടുത്ത വാർണർ സമനിലയും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും രാഹുൽ ത്രിപാഠിയും ചേർന്ന് നൽകിയത്.ഇരുവരും ചേർന്ന് പവർപ്ലേയിൽ 48 റൺസ് നേടി. എന്നാൽ ഈ കൂട്ടുകെട്ട് പൊളിച്ച് നടരാജൻ സൺറൈസേഴ്സിന് വിക്കറ്റ് സമ്മാനിച്ചു. 16 പന്തുകളിൽ നിന്നും 23 റൺസെടുത്ത രാഹുൽ ത്രിപാഠിയെ നടരാജൻ ക്ലീൻ ബൗൾഡ് ചെയ്തു.
തുടർന്നെത്തിയ റാണയും ഗില്ലും ചേർന്ന് മികച്ച കൂട്ടുകെട്ടുമായി കൊൽക്കത്ത ഇന്നിങ്സ് മുന്നോട്ട് നയിച്ചു. എന്നാൽ സ്കോർബോർഡ് 87-ൽ നിൽക്കെ റാഷിദ്ഖാൻ ഗില്ലിന്റെ വിക്കറ്റെടുത്ത് കളി വീണ്ടും സൺറൈസേഴ്സിന് അനുകൂലമാക്കി. 36 റൺസെടുത്ത ഗില്ലിനെ മനോഹരമായ ഒരു ക്യാച്ചിലൂടെ പ്രിയം ഗാർഗ് പുറത്താക്കി.
തൊട്ടടുത്ത ഓവറിൽ 29 റൺസെടുത്ത റാണയെ പുറത്താക്കി വിജയ് ശങ്കർ കൊൽക്കത്തയ്ക്ക് ഇരട്ടപ്രഹരം ഏൽപ്പിച്ചു.
മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ സ്കോറിലേക്കെത്തിക്കാൻ കൊൽക്കത്തയുടെ മധ്യനിരയ്ക്ക് സാധിച്ചില്ല.അവസാന ഓവറുകളിൽ തകർത്തടിച്ച ക്യാപ്റ്റൻ മോർഗനും ദിനേഷ് കാർത്തിക്കുമാണ് ഭേദപ്പെട്ട സ്കോർ കൊൽക്കത്തയ്ക്ക് സമ്മാനിച്ചത്.
സൺറൈസേഴ്സിന് വേണ്ടി നടരാജൻ രണ്ടുവിക്കറ്റുകൾ വീഴ്ത്തിയപ്പോൾ വിജയ് ശങ്കർ, റാഷിദ് ഖാൻ, ബേസിൽ തമ്പി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.