ശീതീകരിച്ച ഭക്ഷണ പാക്കറ്റിൽ സജീവ കൊവിഡ് വൈറസ് കണ്ടെത്തിയതായി ചൈന

ബെയ്ജിങ്: ചൈനയിൽ ഇറക്കുമതി ചെയ്ത മത്സ്യ ഉത്പന്നങ്ങളുടെ ശീതീകരിച്ച പെട്ടിക്കു മുകളിൽ കൊറോണ വൈറസിന്റെ സജീവ സാന്നിധ്യം കണ്ടെത്തിയതായി ചൈനീസ് ആരോഗ്യ വകുപ്പിന്റെ വെളിപ്പെടുത്തൽ. ചൈനീസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി) ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. തുറമുഖ മേഖലയായ ക്വിങ്ദാവോയിൽ ഇറക്കുമതി ചെയ്ത പാക്കറ്റിനു മുകളിലാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ലോകത്ത് ഇത് ആദ്യമായാണ് ശീതീകരിച്ച ഭക്ഷണ പാക്കറ്റിനു മുകളിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തപ്പെടുന്നത്. ക്വിങ്ദാവോയിൽ അടുത്തയിടെ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഭക്ഷണ പാക്കറ്റിനു മുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഏത് രാജ്യത്തു നിന്നാണ് ഭക്ഷണ പാക്കറ്റ് ഇറക്കുമതി ചെയ്തതെന്ന് സിഡിസി വ്യക്തമാക്കിയിട്ടില്ല. പാക്കേജിന്റെ ഉൾ അറകളിൽ വൈറസ് സൈന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ജുലൈയിൽ ചെമ്മീൻ ഇറക്കുമതി ചൈന നിർത്തിവെച്ചിരുന്നു.