കെഎസ്ആർടിസിയിൽ സമ്പൂർണ കമ്പ്യൂട്ടറൈസേഷൻ കൊണ്ടുവരുന്നു.

സംസ്ഥാനത്ത് കെഎസ്ആർടിസിയിൽ സമ്പൂർണ കമ്പ്യൂട്ടറൈസേഷൻ കൊണ്ടുവരുന്നു. സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. സമ്പൂർണ കമ്പ്യൂട്ടറൈസേഷൻ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ 16.98 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ സിഡാക്കുമായി ചേർന്ന് വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കാൻ കരാറിലേർപ്പെട്ടിരിക്കുകയാണ്.
അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രോണിക് ടിക്കറ്റ് മിഷനുകൾ വാങ്ങുന്നതിനുള്ള ടെന്റർ നടപടികൾ തുടങ്ങി. യാത്രാക്കാർക്ക് സൗകര്യപ്രദമായി ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനൊപ്പം പേയ്മെന്റുകൾ നടത്തുന്നതിനും, വിവിധ മൂല്യത്തിലുള്ള സേവനങ്ങൾ ലഭിക്കുന്നതിനുമുള്ള സ്മാർട്ട് കാർഡുകളും കെഎസ്ആർടിസി കൊണ്ടുവരുകയാണ്. അടുത്ത മാർച്ച് 31 ന് ഉള്ളിൽ ജിപിആർഎസ്, ആർഎഫ്ഐഡി, ബ്ലൂടൂത്ത് തുടങ്ങിയവ ലഭ്യമായ 5500 എണ്ണം ഇടിഎമ്മുകൾ കെഎസ്ആർടിസിയിൽ ലഭ്യമാക്കുന്നുണ്ട്. രണ്ട് വർഷത്തിനകം പൂർണമായും കമ്പ്യൂട്ടർ വത്കരണം നടത്തുന്ന കെഎസ്ആർടിസിയിൽ ടിക്കറ്റേതര വരുമാനം വർധിപ്പിക്കാനും, യാത്രാക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള സഞ്ചാര അനുഭവം ലഭ്യമാക്കുകയുമാണ് ലക്ഷ്യമിടുന്നത്.