ഡിജിറ്റല്‍ ക്ലാസുകള്‍ ഫലപ്രദമല്ല പരിഷത്തിന്റെ പഠന റിപ്പോർട്ട്.

ഡിജിറ്റല്‍ ക്ലാസുകള്‍ ഫലപ്രദമല്ല എന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ട്. സ്‌കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയിട്ട് നാല് മാസം പിന്നിട്ടിരിക്കുകയാണ്. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നത്.
ഫസ്റ്റ് ബെല്‍ പദ്ധതി നടപ്പിലാക്കുമ്പോഴും അത് കുട്ടികള്‍ക്കിടെ ഉപകാരപ്രദം ആവുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പുതിയ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ വിദഗ്ധരുമെല്ലാം ഉയര്‍ത്തിയ ഇത്തരം ആശങ്കകളൊന്നും തന്നെ അസ്ഥാനത്തായിരുന്നില്ല എന്നു തെളിയിക്കുന്നതാണ് അടുത്തിടെ പുറത്തുവന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠന റിപ്പോര്‍ട്ട്.
കഴിഞ്ഞ നാല് മാസങ്ങളില്‍ ഡിജിറ്റല്‍ സംവിധാനം വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്ന് പറയാന്‍ പറ്റില്ല. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കിടെ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിച്ച നിരവധി പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇനിയങ്ങോട്ടുള്ള ദിവസങ്ങളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതിയുടെ പ്രയോജനം കിട്ടുകയുള്ളൂ.
14 ജില്ലകളില്‍ നിന്നും 1252 കുട്ടികള്‍, 1046 അധ്യാപകര്‍, 1340 രക്ഷിതാക്കള്‍ എന്നിവരില്‍ നിന്നാണ് പഠനത്തിനായുള്ള വിവരം പരിഷത്ത് ശേഖരിച്ചത്. കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് ഗൂഗിള്‍ ഫോം വഴിയാണ് വിവരം ശേഖരിച്ചത്. ഒരു ബ്ലോക്ക് പരിധിയില്‍ നിന്ന് 12 കുട്ടികള്‍, 12 രക്ഷിതാക്കള്‍, 12 അധ്യാപകര്‍ എന്നിങ്ങനെയാണ് സാമ്പിള്‍ തെരഞ്ഞെടുത്തത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ നിന്ന് 3 വീതം കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരെ തെരഞ്ഞെടുത്തു.
അതേസമയം ഓണ്‍ലൈന്‍ ക്ലാസ്സിനായുള്ള സംവിധാനങ്ങൾ ഉണ്ടായിട്ടും പല കാരണങ്ങളാല്‍ എല്ലാ ക്ലാസുകളും തുടര്‍ന്ന് കാണാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ ഒന്നിന് ആരംഭിച്ച ക്ലാസുകള്‍ മുടക്കം കൂടാതെ കണ്ടവര്‍ 67ശതമാനം മാത്രം ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കിയുള്ളവര്‍ ഭാഗികമായേ കണ്ടിട്ടുള്ളൂ. ഓണ്‍ലൈന്‍ ക്ലാസിനെ കേന്ദ്രീകരിച്ചാണ് പഠനം മിക്കവാറും നടക്കുന്നത് എന്നതിനാല്‍ ഈ വിടവ് പ്രധാനമാണെന്ന് പരിഷത് പറയുന്നു.
ഇനി സാങ്കേതിക കാരണങ്ങള്‍ നോക്കുകയാണെങ്കില്‍ ഇന്റര്‍നെറ്റിന്റെ വേഗത കുറവാണ് വിദ്യാര്‍ത്ഥികള്‍ അഭിമൂഖീകരിച്ച മറ്റൊരു പ്രധാന പ്രശ്‌നം. 39.5ശതമാനം കുട്ടികളെയും ഈ പ്രശ്‌നം ബാധിച്ചെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് മലയോരപ്രദേശത്തെയും ഗോത്രവര്‍ഗമേഖലകളെയുമാണ് മുഖ്യമായി ബാധിച്ചത്.
ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഭാഷന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സ് സംവിധാനം കാര്യമായ രീതിയില്‍ ഫലപ്രദമാവുന്നില്ലെന്ന് തുടക്കത്തില്‍ തന്നെ നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്പോഴും പോരായ്മകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കുറ്റമറ്റ രീതിയില്‍ തന്നെയാണ് സംവിധാനം മുന്നോട്ട് പോകുന്നതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ട്രയല്‍ റണ്ണ് തുടങ്ങി അടുത്ത ദിവസം തന്നെ മലപ്പുറം വളാഞ്ചേരിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക തീകൊളുത്തി മരിച്ച സംഭവം ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പോരായ്മകളെക്കുറിച്ച് വീണ്ടും ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു.
ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ഭാഗമാവാന്‍ ദേവികക്ക് കഴിയാതിരുന്നതില്‍ കടുത്ത വിഷമം ഉണ്ടായിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെ ക്ലാസ്സുകള്‍ ലഭിക്കാത്ത ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളെക്കുറിച്ചും വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സംവിധാനം ഒരുക്കിയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും, അതും ഫലപ്രദമായി നടന്നില്ലെന്ന് പരിഷത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവിധ കാരണങ്ങളാല്‍ ശരാരശരി 20-25 ശതമാനം ഓണ്‍ലൈന്‍ പഠനത്തിന് പുറത്താണെന്നു തന്നെയാണ് പരിഷത്തിന്റെ റിപ്പോര്‍ട്ട് പറഞ്ഞുവെക്കുന്നെന്നും നമ്പര്‍ വണ്‍ എന്ന് പ്രഖ്യാപിക്കാനുള്ള തിടുക്കത്തില്‍ പാര്‍ശ്വവവല്‍കൃത വിഭാഗങ്ങളുടേയും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടേയും ന്യൂനപക്ഷങ്ങളുമൊക്കെ കാണാതെ പോയെന്ന് വിദ്യാഭ്യാസ വിദഗ്ധർ പോലും പറയുന്നത്.
അതേസമയം ഇപ്പോഴുള്ള വിദ്യാഭ്യാസം കൃത്യമായി ലഭിക്കാത്തവരും, വിദ്യാഭ്യാസ മേഖലയില്‍ നിന്ന് നിരന്തരം പുറന്തള്ളപ്പെടുന്നവരും നിലവില്‍ ഉള്ളപ്പോഴും ഇവയ്ക്ക് വേണ്ട വിധത്തില്‍ പരിഹാരം കാണാതെ പുതിയ പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയാണ്. ഇതില്‍ എടുത്ത് പറയുകയാണെങ്കില്‍ ആയിരം സ്‌കൂളുകള്‍ ഹൈടെക് ആക്കി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും, ഇത് പുറന്തള്ളപ്പെടുന്ന വിഭാഗത്തിന് പ്രയോജനം ലഭിക്കുന്നില്ല എന്ന വിലയിരുത്തൽ തന്നെയാണ് ഉള്ളത്.
ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സ്വന്തമായി സൗകര്യമില്ലാത്തവര്‍ ഉണ്ടെന്ന് തന്നെയാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ പൊതുകേന്ദ്രങ്ങളിലാണ് പഠനം നടത്തുന്നത്. ഇവയില്‍ കൂടുതലും കോളനികളിലാണ്. കോളനികളിലുള്ള പഠനകേന്ദ്രങ്ങളില്‍ ടി. വി. സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവിടെ എത്തിച്ചേരുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത്.
മുന്‍മ്പ് രക്ഷതാക്കളും സാമൂഹിക പ്രവര്‍ത്തകരും പറഞ്ഞിരുന്ന കാര്യങ്ങള്‍ തന്നെയാണ് പരിഷത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 76 ശതമാനം രക്ഷിതാക്കള്‍ക്ക് സ്‌കൂളില്‍ പഠിക്കുന്ന ഒന്നിലധികം കുട്ടികളുണ്ട്. പഠനപിന്തുണ ലഭിക്കുന്നതില്‍ മൊബൈല്‍ ഫോണിന്റെ കുറവ് ഇതില്‍ ചിലര്‍ക്ക് പ്രശ്‌നമാകുന്നുണ്ട്. ഒരു വീട്ടില്‍ ഒന്നിലധികം കുട്ടികള്‍ ഉണ്ടാകുമ്പോള്‍ ഉപകരണലഭ്യതയില്‍ പരിമിതികളുണ്ടെന്നും പഠനത്തില്‍ പറയുന്നു.
മുഖാമുഖപഠനത്തിന് പകരമാവാന്‍ ഒരിക്കലും ഓണ്‍ലൈന്‍ അനുഭവങ്ങള്‍ക്ക് സാധ്യമല്ലെന്നും പല കാരണങ്ങളാല്‍ പിറകില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇത് ഏറെ ദോഷകരമാവുമെന്നും പരിഷത് റിപ്പോർട്ടിൽ പറയുന്നു. അതിനാല്‍ കുട്ടികളില്‍ പഠനതാത്പര്യം നിലനിര്‍ത്താനും അടിസ്ഥാനപരമായ ചില ആശയങ്ങളും കഴിവുകളും മാത്രം എത്തിക്കാനും ഈ ഘട്ടത്തില്‍ ലക്ഷ്യം വെച്ചാല്‍ മതിയെന്നുമാണ് പരിഷത് മുന്നോട്ടുവെക്കുന്ന മറ്റൊരു കാര്യം.
സ്‌കൂളില്‍ നിന്നും ലഭിക്കുന്ന പല കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നില്ല എന്നാല്‍, ഇതിനൊപ്പം വേണ്ടവിധത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സും ലഭിക്കാത്തത് കുട്ടികളില്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയേക്കാം. വിക്ടേഴ്‌സ് ചാനല്‍ എടുത്ത് നോക്കുകയാണെങ്കില്‍ കുട്ടികളെ പഠന സന്നദ്ധരാക്കുന്നതിന് പകരം പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക എന്ന രീതിയിലേക്ക് മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.
ഡിജിറ്റല്‍ ക്ലാസുകളോട് കുട്ടികള്‍ക്ക് വലിയതോതില്‍ താല്‍പര്യം കുറഞ്ഞുവരുന്നുണ്ടെന്ന് പരിഷത്തിന്റെ പഠനത്തില്‍നിന്നും വ്യക്തമാണ്. ക്ലാസ് കൂടുതല്‍ വൈവിധ്യമുള്ളതാക്കി മാറ്റുകയും കൂടുതല്‍ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി മെച്ചപ്പെടുത്തുകയും ചെയ്യണമെന്നാണ് പരിഷത് ഇതിന് പരിഹാരമായി പറയുന്നത്. 17 ശതമാനം പേര്‍ക്ക് ഇപ്പോഴും ഇന്റര്‍ നെറ്റ് പോലും ലഭിക്കാത്ത ഒരിടത്ത് ഇത് എത്രമാതം നടപ്പാകുമെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.