വിമാനത്താവള വികസനം, ശത്രു സംസ്ഥാന സർക്കാർ.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിന്റെ കാര്യത്തിൽ ഇപ്പോൾ ശത്രു സംസ്ഥാനം ഭരിക്കുന്ന സർക്കാരാണ്. വിമാനത്താവള വികസനത്തിന് സർക്കാർ ഇപ്പോൾ ഇടങ്കോലിടുകയാണ്. തിരുവനന്തപുരം വിമാനത്താവളം പതിറ്റാണ്ടായി കാത്തിരിക്കുന്ന വികസന ലക്ഷ്യം പൂർത്തീകരിക്കുന്ന കാര്യത്തിലാണ് രാഷ്ട്രീയ താല്പര്യങ്ങളോടെ പിണറായി സർക്കാർ രാഷ്ട്രീയ കോൽക്കളി നടത്തുന്നത്.
വിമാനത്താവളമിരിക്കുന്ന ഭൂമിയുടെ അവകാശം സംസ്ഥാന സർക്കാരിന്റേതായതിനാൽ അതിന്റെ നടത്തിപ്പിലും അവകാശം വേണമെന്ന ബാലിശമായ വാദമാണ് സർക്കാർ മുന്നോട്ടു വെക്കുന്നത്. ഇതിന്റെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. കൊച്ചി കപ്പൽ നിർമ്മാണ ശാല ഉൾപ്പടെ നിരവധി കേന്ദ്ര സ്ഥാപനങ്ങൾക്കാവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്കിയിട്ടുള്ളതും സംസ്ഥാന സർക്കാരാണെന്ന് കാര്യം മറക്കരുത്. അവിടെയെല്ലാം നടത്തിപ്പും, അവകാശവും വേണമെന്നും വാദിക്കാൻ ശ്രമിക്കുന്നത് ദേശീയതയുടെ ഭാഗമാവില്ല. വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ലഭിച്ച അദാനി കമ്പനിക്ക് സംസ്ഥാനം ഒരു സൗകര്യവും നൽകില്ലെന്ന നിലപാടിലാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാനം ബാധിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളെയാണ്. വിമാനത്താവളത്തിന്റെ ഉപയോക്താക്കൾ സർക്കാരല്ല, യാത്രക്കാരാണെന്ന വിചാരം ഇല്ലാത്ത തീരുമാനം ആണിത്. സ്വകാര്യവത്കരണത്തോടുള്ള എതിർപ്പ് പറഞ്ഞു വിമാനത്താവളത്തിന്റെ വികസനത്തെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് ജനവിരുദ്ധമാണ്.
വിമാനത്താവളത്തിന്റെ വികസനം ലക്ഷ്യമിട്ട് ആണ് അതിന്റെ നടത്തിപ്പ് അദാനി കമ്പനിക്കു കൈമാറാൻ കേന്ദ്രതീരുമാനം ഉണ്ടായത്. ഇതിനെതിരെ സംസ്ഥാന സർക്കാരടക്കം സമർപ്പിച്ചിരുന്ന എട്ട് ഹർജികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിക്കളയുകയുണ്ടായി. നേരത്തെ സിംഗിൾ ബെഞ്ചും ഇതേ നിലപാട് തന്നെയാണ് എടുത്തത്. അതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വീണ്ടും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിർദേശം ഉണ്ടായത്. പിന്നീട് ആണ് പ്രശ്നം വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിലെത്തുന്നത്. സിവിൽ വ്യവഹാരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നു അറിയാത്ത ഉപദേശക വൃന്തത്തിന്റെ വായിക്ക് തോന്നിയ കോതക്ക് പാട്ടെന്ന മട്ടിലാണ് ജന്മിമാരുടെ കാലത്തെ അധികാര ഭ്രാന്തന്മാരെ പോലെ സർക്കാരിന്റെ പോക്ക്. ഹൈക്കോടതിയുടെ ഏറ്റവും ഒടുവിലത്തെ വിധിക്കെതിരെയും സുപ്രീംകോടതിയിൽ പോകാനൊരുങ്ങുകയാണ് ഇപ്പോൾ സർക്കാർ. പൊതു ഖജനാവിൽ നിന്ന് ഇനിയും കുറെ പണം ഡൽഹിയിലെ ചില അഭിഭാഷകർക്ക് ഒഴുക്കാനുള്ളതാണ് പുതിയ നീക്കമെന്ന് പറയാതിരിക്കാൻ കഴിയുന്നില്ല. പൊതുതാത്പര്യത്തിന്റെ പേര് പറഞ്ഞു ജനങ്ങളുടെ പണം പാഴാക്കുന്ന നടപടിയാണിതെന്നു പറയേണ്ടി വരും.
സംസ്ഥാനത്തെ ആദ്യത്തെ വിമാനത്താവളമാണ് തിരുവനന്തപുരം. ആദ്യ അന്താരാഷ്ട്ര വിമാനത്താവളമെന്ന പേരും പെരുമയും മാത്രമാണ് തിരുവനന്തപുരത്തിനു ഇന്നും ഉള്ളത്. വികസനം എത്താത്ത അവസ്ഥയാണ് ഇപ്പോഴും ഉള്ളത്. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തിരുവനന്തപുരം വിമാനത്താവളം എല്ലാം കൊണ്ടും പിന്നിൽ ആണ്. പുരോഗതിയുടെ നാലക്ഷരം വിമാനത്താവളത്തിലെത്തിക്കാൻ ഇനിയും കേരളം ഭരിച്ചവർക്ക് ആയിട്ടില്ല. നടത്തിപ്പു ലഭിക്കാൻ നിയമ പോരാട്ടം നടത്തുന്ന ഇപ്പോഴത്തെ സംസ്ഥാന സർക്കാരിനും കാര്യമായ ഒരു സംഭാവനയും ചെയ്യാനും കഴിഞ്ഞിട്ടില്ല.
രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിനു നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനം നയപരമായി ഉള്ളതാണ്. ഇതിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന ഹൈക്കോടതി നിരീക്ഷണം സർക്കാരിന്റെ നിയമോപദേശകർ ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ നന്ന്. പാട്ടക്കരാർ അനുവദിച്ചതിൽ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ ഇടപെടാൻ ഏതു കോടതിക്കും കഴിയൂ എന്നതും വസ്തുതയാണ്. ഇതിനെ മാറ്റിമറിക്കാൻ ജനത്തിന്റെ ഖജനാവ് ബാക്കി ഉള്ളത് കൂടി ഊറ്റി ഒഴുക്കിയിട്ടു ഒരു കാര്യവും ഇല്ല. വിമാനത്താവളത്തിന്റെ കാര്യത്തിൽ എല്ലാ അംഗീകൃത നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ആഗോള ടെൻഡർ ക്ഷണിച്ച് പാട്ടക്കരാർ നൽകിയിരിക്കുന്നത്. ആ ടെൻഡറിൽ കേരള സർക്കാരിന്റെ കമ്പനിയും പങ്കെടുത്തിരുന്നതാണ്. ലേലത്തിൽ തോറ്റശേഷം അതിനെതിരെ ഹർജിയുമായി കോടതിയെ സമീപിച്ചതിനെ ഡിവിഷൻ ബെഞ്ച് കിട്ടാത്ത മുന്തിരി പുളിക്കുമെന്ന പഞ്ചതന്ത്രം കഥയോട് ഉപമിച്ചതും ഓർക്കുന്നത് നല്ലതാണ്. ബുദ്ധിയില്ലാത്ത നിയമോപദേശകർക്ക് ബുദ്ധി ചൊല്ലി കൊടുക്കുന്നത് പോലെ ആയിരുന്നു കോടതി പറഞ്ഞത് എന്നതും ഓർത്താൽ നന്ന്. തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിൽ വളർന്നു വികസിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. വിമാനത്താവളത്തിന് അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരു മാത്രം മതിയോ. പോരാ എങ്കിൽ വികസനത്തിന് സർക്കാർ ഇടങ്കോലിടാതിരിക്കുകയാണ് വേണ്ടത്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുഖച്ഛായ മാറണമെങ്കിൽ മുതൽ മുടക്കാൻ ശേഷിയും നവീന കാഴ്ചപ്പാടുമുള്ളവർ നടത്തിപ്പുകാരായി വരുകയാണ് വേണ്ടത്. അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി ഉണ്ടായിട്ടും ഗൾഫ് രാജ്യങ്ങളിലേക്കുള്ള പതിവു സർവീസുകളല്ലാതെ പുതിയ അന്താരാഷ്ട്ര സർവീസുകൾ ഒന്നുപോലും ഇല്ലാത്ത പരിതാപകരമായ സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. ആഭ്യന്തര സർവീസുകളുടെ കാര്യത്തിലുള്ള കുറവും പരിഹരിക്കപ്പെടേണ്ടതുണ്ട്. വികസനത്തിനായി പണം മുടക്കുന്ന സ്വകാര്യ കമ്പനി അതു തിരിച്ചുപിടിക്കാൻ ആവശ്യമായ പുതിയ വികസന കാര്യങ്ങൾ കൊണ്ടുവരും. രാജ്യത്തിന് അകത്തേക്കും പുറത്തേക്കും പുതിയ സർവീസുകൾ, ബിസിനസ് സംരംഭങ്ങൾ, വരുമാന വർദ്ധന ലക്ഷ്യമാക്കിയുള്ള ഇതര സേവന കാര്യങ്ങൾ തുടങ്ങിയവ എത്തുമ്പോൾ അതിന്റെ നേട്ടം നടത്തിപ്പുകാർക്കു മാത്രമല്ല ലഭിക്കുക. വിഴിഞ്ഞം തുറമുഖത്തിനും കഴക്കൂട്ടത്തുള്ള ഐ.ടി സ്ഥാപനങ്ങൾക്കും തിരുവനതപുരം നഗരത്തിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും വിമാനത്താവളത്തിന്റെ വികസനം ഇപ്പോൾ പരമ പ്രധാനമാണെന്നും ഓർക്കണം. രാഷ്ട്രീയ താത്പര്യങ്ങൾക്കതീതമായി പ്രശ്നത്തെ സമീപിക്കുന്ന സകലരും വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിനെ അനുകൂലിക്കുന്നവരാണെന്ന വസ്തുതയും മറക്കരുത്.
വികസനവുമായി ബന്ധപ്പെട്ട ഏതൊരു തീരുമാനത്തിലും പ്രധാനവും പ്രഥമവുമായും നോക്കേണ്ടത് ജനങളുടെ താല്പര്യമാണ്. അല്ലാതെ തങ്ങളുടെ ശിങ്കിടികൾക്കുള്ള താല്പര്യങ്ങൾ അല്ല. പൊതുമേഖല നിലനിൽക്കണമെന്നും വളരണമെന്നും ആഗ്രഹിക്കുന്നത് നല്ലതാണ്. കേരള സർക്കാർ വിമാനത്താവളത്തിന്റെ വികസനത്തിനായി നേരത്തെ 27 ഏക്കർ സ്ഥലം ഏറ്റെടുത്തു നൽകിയിരുന്നു. പുതിയ വികസനത്തിനായി 18 ഏക്കർ കൂടി ഏറ്റെടുക്കാനുള്ള നടപടിക്കിടയിലാണ് പാട്ടക്കരാറുമായി കേന്ദ്രം എത്തുന്നത്. ഇനി ഭൂമി ഏറ്റെടുത്തു നൽകില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് ജനോപകാരമല്ല, ഇത് ജനദ്രോഹപരമാണെന്ന് പിണറായി സർക്കാർ തിരിച്ചറിയണം.