ഗ്രീൻ സിറ്റിയിലേക്ക് 360 ഇക്കോ ഫ്രൻഡ്‌ലി ‘ആനവണ്ടി’കൾ

തിരുവനന്തപുരം/ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ ഗ്രീൻ സിറ്റിയാക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായി 360 സിഎൻജി, എൽഎൻജി, ഇലക്ട്രിക് ബസുകൾ ഗതാഗതവകുപ്പ് വാങ്ങുന്നു. മൂന്നു വർഷംകൊണ്ട് നഗരത്തിൽ സർവീസ് നടത്തുന്ന ബസുകൾ പൂർണമായും ഇക്കോ ഫ്രൻഡ്‌ലിയാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്. 50 ഇലക്‌ട്രിക് ബസും 310 സിഎൻജി ബസുമാണ് ഇതിനായി വാങ്ങുക.
ബസിന് 286.50 കോടി രൂപയുടെ അനുമതി സംസ്ഥാന സർക്കാർ നൽകിയെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ആണ് അറിയിച്ചിട്ടുള്ളത്.
ഇതിനുള്ള പണം കിഫ്‌ബിയിൽനിന്ന് വായ്‌പയായാണ് എടുക്കുന്നത്. 50 ഇലക്ട്രിക് ബസ് വാങ്ങുന്നതിന് 27.50 കോടി രൂപ കേന്ദ്ര സർക്കാരിന്റെ ഫെയിം രണ്ട് പദ്ധതിയുടെ കീഴിൽ സബ്സിഡി ലഭിക്കും. ശേഷിക്കുന്ന തുക കിഫ്ബി നാല് ശതമാനം പലിശ നിരക്കിലാണ് വായ്പയായി നൽകുക. ആനയറയിൽ സിഎൻജി പമ്പ് നിലവിലുണ്ട്. മറ്റ് ജില്ലകളിൽ ഇവ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ 44 രൂപയ്ക്കാണ് ഒരു കിലോ എൽഎൻജി നൽകുന്നത്. സിഎൻജി വില 57.3 രൂപയും. ഇതോടെ 30 ശതമാനത്തോളം ഇന്ധനച്ചെലവ് കുറയ്‌ക്കാമെന്നാണ് കെഎസ്‌ആർടിസിയുടെ കണക്കുകൂട്ടുന്നത്.