ഫുട്ബോളിലെ മാന്ത്രിക സ്പർശത്തിന് 80 വയസ്സ് പെലെ @ 80

ലോകത്തിൻ്റെ ശ്രദ്ധയെ മുഴുവൻ 90 മിനുറ്റുകൾ തൻ്റെ കാൽപ്പാദങ്ങളിലേക്ക് ആവാഹിച്ച ഫുട്ബോൾ ഇതിഹാസത്തിന് ഇന്ന് 80 വയസ്സ്. കോവിഡ് പ്രോട്ടോക്കോളിൽ തൻ്റെ 80 ആം പിറന്നാൾ ലളിതമായി പെലെ തൻ്റെ വീട്ടിൽ ആഘോഷിക്കും.1940 ഒക്ടോബർ 23-ന് ബ്രസീലിലെ ട്രെസ് കൊറാക്കോസിലാണ് ഫുട്ബോൾ താരമായിരുന്ന ഡോൺഡീന്യോ
യുടെയും സെലസ്റ്റി അരാന്റസിന്റെയും മകനായി എഡ്സൺ അരാന്റസ് ഡൊ നാസിമെന്റോ എന്ന പെലെ ജനിക്കുന്നത്. ഇന്നേ വരെ ഒരു ഫുട്ബോൾ താരത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം തൻ്റെ കാൽപ്പാദങ്ങളിലൂടെ നേടിയെടുത്താണ് പെലെ ഇന്നും ഫുട്ബോൾ ഇതിഹാസമായി തുടരുന്നത്.

ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾസ്കോറർ. 92 മത്സരങ്ങളിൽ 77 ഗോളുകൾ. ക്ലബ്ബ് കരിയറിൽ ബ്രസീലിലെ സാന്റോസ്, ന്യൂയോർക്ക് കോസ്മോസ് ടീമുകൾക്കുവേണ്ടി കളിച്ചു. 1363 കളികളിൽ 1279 ഗോളുകൾ നേടി. മൂന്ന് ലോകകപ്പുകൾ നേടിയ ഏകതാരം കൂടിയാണ് പെലെ.1957 ലാണ് ബ്രസീലിനുവേണ്ടി ആദ്യമത്സരം കളിക്കുന്നത്. 1971-ൽ ദേശീയടീമിൽനിന്ന് വിരമിച്ചു. 1956-1974 കാലത്താണ് സാന്റോസ് ക്ലബ്ബിൻ്റെ ഭാഗമായത്. 1975 മുതൽ രണ്ട് വർഷം ന്യൂയോർക്ക് കോസ്മോസിലും ബൂട്ട് കെട്ടി.
പുൽമൈതാനങ്ങളിൽ ഗോൾ നേടൽ മാത്രമായിരുന്നു പെലെക്ക് ഹരം.ദരിദ്രനായി ജനിച്ച ശേഷം വർണവിവേചനത്തിന്റെ ചുറ്റുപാടുകളിൽ അവഗണന പേറിയാണ് വളർന്നത്. തുണിയും കടലാസുകളും നിറച്ചു കെട്ടിയുണ്ടാക്കിയ പന്തുതട്ടി കളിച്ചാണ് ഫുട്ബോളിനോടുള്ള പ്രണയം തുടങ്ങുന്നത്. കുട്ടിക്കാലത്ത് തന്നെ അസാമാന്യ പ്രതിഭ പ്രകടമാക്കി. പ്രതിഭയ്ക്ക് പൊൻതുവൽ ചാർത്തി കൗമാരത്തിൽ തന്നെ ആദ്യ ലോകകിരീടം സ്വന്തമാക്കി. തുടർന്നങ്ങോട്ട് ഭൂമിയുടെ ഹൃദയതാളങ്ങളെ ഒരു പന്തിലേക്ക്
ചേർത്തു നിർത്തി ലോകത്തിന്റെ അതിർത്തികൾ മായ്ച്ച് കായിക ലോകത്തിനും മാനവരാശിക്കും നന്മയുടെ സന്തേശങ്ങൾ പകർന്നു. എല്ലാ വേർതിരിവുകളും പെലെ എന്ന പേരിൽ അലിഞ്ഞില്ലാതായി. കളിക്കളവും ജീവിതവും മനുഷത്വത്തിൻ്റെ പാഠങ്ങൾ പകർന്നപ്പോൾ ബൂട്ടഴിച്ചശേഷവും പെലെ പൊതുരംഗങ്ങളിൽ സജീവമായി.ഭൂമിയിലെ ഏറ്റവും പ്രസിദ്ധനായ മനുഷ്യനായി പെലെ ഇന്നും തുടരുന്നു..