ഒരു ഐ എ എസ് കാരന് സ്വർണ്ണം കടത്തിക്കൂടേയോ?

കൊച്ചി/ രാജ്യത്തെ ഭരണനിയമ സംവിധാനങ്ങൾ അധികാരത്തിന്റെ അഹങ്കാരത്തിൽ നിയന്ത്രിക്കപ്പെടുമ്പോൾ ഒരു ഐ എ എസ് കാരനുപോലും സ്വർണ്ണ കള്ളക്കടത്ത് ഉൾപ്പടെയുള്ള രാജ്യ ദ്രോഹ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും, നേതൃത്വം വഹിക്കാനും ആകും എന്നതിന്റെ തെളിവാണ്കേരള ജനത സ്വർണ്ണക്കടത്ത് കേസിൽ ഇന്ന് നോക്കി കാണുന്നത്. സ്വപ്നയെ മറയാക്കി സ്വർണക്കടത്തു നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാകാമെന്നും സ്വർണമടങ്ങിയ നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ശിവശങ്കർ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ വ്യകതമാക്കുന്ന സാഹചര്യം ഇതാണ് മലയാളിയെ പഠിപ്പിക്കുന്നത്.
സംസ്ഥാന മുഖ്യ മന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെയാണ് എം. ശിവശങ്കർ, സ്വപ്നയെ മറയാക്കി സ്വർണക്കടത്തു നിയന്ത്രിച്ചു എന്നാണു ഇ ഡി കോടതിയിൽ പറഞ്ഞതെന്നതാണ് ഏറെ ഖേദകരം. സ്വർണക്കടത്തിൽ ഇ.ഡിയും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം മുതൽ ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ അന്വേഷണ ഉദ്യോഗസ്ഥരെയും, കേരള ജനതയെയും
അക്ഷരാർത്ഥത്തിൽ പൊട്ടന്മാർ ആക്കുകയായിരുന്നു. യു എ ഇ കോൺസുലേറ്റിലെ ജീവനക്കാരിയായിരുന്ന സ്വപ്നയുമായി മാനസികമായും,അതിനപ്പുറവും അടുപ്പത്തിലാവുകയും, വീട്ടിലെ പതിവ് സന്ദർശകനാവുകയും ഒക്കെ ചെയ്തിരുന്ന ശിവശങ്കർ സത്യത്തിൽ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കടക്കുകയായിരുന്നു. ഇന്ന് ശിവശങ്കർ നിയന്ത്രിച്ചിരുന്ന ഒരു പാവയായിരുന്നു സ്വപ്ന എന്ന കാര്യത്തിലേക്ക്അന്വേഷണം എത്തി നിൽക്കുമ്പോൾ, ശിവശങ്കറിന്റെ മേൽനോട്ടത്തിൽ നടത്തിയ സ്വർണ്ണ കടത്ത് അയാൾക്ക് വേണ്ടി ആണെന്ന് പറയാനും, വിശ്വസിക്കാനും ആവില്ല.
സ്വപ്ന പൂർണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു എന്നതിനാലാണ്, സ്വർണക്കടത്തിലെ ലാഭം എത്തിച്ചേർന്നത് ശിവശങ്കറിനാണോയെന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ടാവുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉന്നത പദവി വഹിക്കുന്നതിനാൽ സ്വപ്നയെ ഇതിന് മറയാക്കിയിരി ക്കാമെന്നും,മുഖ്യമന്ത്രിയുടെ ഓഫീസിനെ ശിവശങ്കർ ദുരുപയോഗം ചെയ്തുവെന്നും ഇ ഡി കോടതിയിൽ പറഞ്ഞിരിക്കുകയാണ്. ശിവശങ്കറിനെതിരായ വാട്ട്സാപ്പ് സന്ദേശമടക്കമുള്ള തെളിവുകൾ മുദ്രവെച്ച കവറിൽ ഇ.ഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവ് 28നുവരെ നിലനിൽക്കുന്ന സാഹചര്യത്തിൽ അന്ന് കോടതി മുൻകൂർ ജാമ്യഅപേക്ഷയിൽ വിധി പറയാനിരിക്കുകയാണ്.
സ്വർണക്കടത്തിന്റെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും ഗൂഢാലോചനയിൽ ശിവശങ്കറിനു പങ്കുണ്ടെന്നും, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവി ഇതിനായി വിനിയോഗിച്ചിരുന്നതായും, ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ കാണാൻ ശിവശങ്കറിനൊപ്പം പോയപ്പോൾ സ്വപ്നയുടെ പക്കലുണ്ടായിരുന്ന 30 ലക്ഷം രൂപയടക്കം സ്വർണക്കടത്തിൽ നിന്ന് ലഭിച്ച കമ്മിഷൻ ആയിരുന്നുവെന്നും,
ചോദ്യം ചെയ്യലിനോടു ശിവശങ്കർ സഹകരിക്കുന്നില്ല എന്നും, പറയുന്ന ഉത്തരങ്ങൾ പലതും കള്ളമാണെന്നും തുടങ്ങി ഇ ഡി, ശിവശങ്കർ എന്ന ഐ എ എസ് ഉദ്യോഗസ്ഥനെതിരെ വെളിപ്പെടുത്തിയ വിവരങ്ങൾ നിരവധിയാണ്. അന്വേഷണ ഏജൻസിയുടെ പല ചോദ്യങ്ങൾക്ക് മുന്നിലും ശിവശങ്കറിന്റെ അഭിഭാഷകന് മറുപടി പറയാൻ ഉണ്ടായിരുന്നില്ല. പ്രതിയല്ലെങ്കിൽ പിന്നെ മുൻകൂർ ജാമ്യം എന്തിനാണെന്നും, മുൻകൂർ ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാനിടയാക്കുമെന്നും, സാമ്പത്തിക കുറ്റ കൃത്യങ്ങളിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ല എന്നും കസ്റ്റംസ് പറയുന്നത് ഈ അവസ്ഥയിലാണ്.