സ്റ്റോക്കിന് സെഞ്ചുറി: റോയൽ വിജയവുമായി രാജസ്ഥാൻ.

ഐ.പി.എല്ലിൽ ഞായറാഴ്ച നടന്നമത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ എട്ടു വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസിന് രാജകീയ വിജയം.196 റൺസ് കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 2 വിക്കറ്റ് നഷ്ടത്തിൽ 18.2 ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു. സഞ്ജു സാംസൺ – ബെൻ സ്റ്റോക്ക്സ് കൂട്ടുകെട്ടായിരുന്നു രാജസ്ഥാൻ്റെ നട്ടെല്ല്.

സെഞ്ചുറി നേടിയ ബെൻ സ്റ്റോക്ക്സ് 60 പന്തുകൾ നേരിട്ട് മൂന്ന് സിക്സും 14 ഫോറുമടക്കം 107 റൺസോടെ പുറത്താകാതെ നിന്നു. അർധ സെഞ്ചുറി നേടിയ സഞ്ജു 31 പന്തിൽ നിന്ന് മൂന്ന് സിക്സും നാലു ഫോറുമടക്കം 54 റൺസുമായി സ്റ്റോക്ക്സിന് ഉറച്ച പിന്തുണ നൽകി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 152 റൺസാണ് അടിച്ചുകൂട്ടിയത്. ആറു പേർ പന്തെറിഞ്ഞിട്ടും റണ്ണൊഴുക്ക് നിയന്ത്രിക്കാൻ മുംബൈക്ക് സാധിച്ചില്ല.രണ്ടാം ഓവറിൽ റോബിൻ ഉത്തപ്പയേയും (13) അഞ്ചാം ഓവറിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും (11) നഷ്ടമായ ശേഷമായിരുന്നു രാജസ്ഥാൻ്റെ തിരിച്ചുവരവ്. മുംബൈ ഇന്ത്യൻസിനു വേണ്ടി ജെയിംസ് പാറ്റിസൺ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസെടുത്തത്. 21 പന്തുകളിൽ 2 ഫോറും ഏഴ് സിക്സറും സഹിതം 60 റൺസ് നേടിയ ഹർദ്ദിക് പാണ്ഡ്യ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (40), ഇഷാൻ കിഷൻ (37), സൗരഭ് തിവാരി (34) എന്നിവരും മുംബൈക്കായി തിളങ്ങി. രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചറും ശ്രേയാസ് ഗോപാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.