GulfKerala NewsNews

ഗർഭിണിയായ തന്റെ പ്രിയതമയെ സുരക്ഷിതമായി നാട്ടിലെത്തിച്ച നിഥിന്റെ മരണം പ്രവാസി ലോകത്തെ ആകെ ഞെട്ടിച്ചു.

യുഎഇയിൽ നിന്ന് നാട്ടിലേയ്ക്ക് പോകാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി ശ്രദ്ധേയായ ഗർഭിണി കോഴിക്കോട് സ്വദേശിനി ആതിര ഗീതാ ശ്രീധരന്റെ ഭർത്താവ് പേരാമ്പ്ര സ്വദേശി നിഥിൻ ചന്ദ്രൻ (29) ഷാർജയിൽ അന്തരിച്ചു.
തിങ്കളാഴ്ച പുലർച്ചെ താമസ സ്ഥലത്ത് ഉറക്കം എഴുനേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്ന് പറയുന്നു. സ്വകാര്യ കമ്പനിയിൽ എന്‍ജിനീയറായ നിഥിൻ സാമൂഹികസേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. കേരളാ ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്‍റെ യുഎഇയിലെ കോ ഒാർഡിനേറ്ററായ ഇദ്ദേഹത്തിന്റെ ഫെയസ്ബുക്ക് പ്രൊഫൈലിലെ പേര് ‘നിഥിൻ സി ഒ പോസിറ്റീവെ’ന്നാണ്.

കോൺഗ്രസിന്റെ പോഷക സംഘടനയായ ഇൻകാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവർത്തകരിലൊരാളുമായിരുന്നു. ഒരു വർഷം മുൻപ് ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സിച്ചിരുന്നു. വീണ്ടും അസുഖം വന്നിരുന്നുവെന്നും എന്നാൽ ഡോക്ടറെ സമീപിച്ചിരുന്നില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. ദുബായിലെ ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന ആതിര ഏഴ് മാസം ഗർഭിണിയായിരുന്നു. ബന്ധുക്കളെ പരിചരണം കിട്ടാൻ വേണ്ടിയാണ് പ്രസവത്തിനായി നാട്ടിലേയ്ക്ക് പോകാൻ ആവശ്യമുന്നയിച്ചതെന്നാണ് അപ്പോൾ നിഥിൻ പറഞ്ഞിരുന്നത്.

ഇതിനായി ഇൻകാസ് യൂത്ത് വിങ്ങിന്‍റെ നേതൃത്വത്തിൽ സുപ്രീം കോടതിയെ സമീപിക്കുകയും ഇന്ത്യക്കാരെ കൊണ്ടുപോകുന്നതിനായി പ്രത്യേക വിമാന സർവീസ് ആരംഭിച്ചപ്പോൾ ആതിരയ്ക്ക് അവസരം ലഭിക്കുകയും ചെയ്തിരുന്നു. ഗൾഫിൽ നിന്ന് സ്വന്തം മണ്ണിലേയ്ക്ക് പോകാനുള്ള അനുമതി നിഷേധിക്കപ്പെട്ട ഒട്ടേറെ ഗർഭിണികളുടെ പ്രതിനിധിയായി ആതിര അപ്പോൾ മാറുകയായിരുന്നു.
ഫ്ലൈ വിത് ഇൻകാസ് ക്യാംപെയിനിന്റെ കീഴിൽ ഇൻകാസായിരുന്നു ആതിരയ്ക്ക് വിമാന ടിക്കറ്റ് നൽകിയിരുന്നത്. ഇതിന് പകരമായി നിഥിൻ 2 ടിക്കറ്റുകൾ ഇൻകാസിന്റെ നേതൃത്വത്തിൽ മറ്റുള്ളവർക്കും സമ്മാനിച്ചു. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രന്റെ മകനാണ്. ദുബായ് റാഷിദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം കോവിഡ് പരിശോധനാ ഫലം വന്ന ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button