സൈന്യങ്ങളോട് കർശന ജാഗ്രതക്ക് നിർദ്ദേശം.

യഥാർഥ നിയന്ത്രണരേഖയിലുടനീളം ചൈന വൻതോതിൽ സൈന്യത്തെ വിന്യസിച്ച സാഹചര്യത്തിൽ ഏതുതരത്തിലുള്ള മോശം സാഹചര്യവും നേരിടാൻ തയ്യാറാവണമെന്നു സൈനീക മേധാവികൾക്ക് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി. കർശന ജാഗ്രത പാലിക്കണമെന്ന നിർദ്ദേശത്തോടൊപ്പം സമാധാനകാലത്തെ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ആൻഡമാൻ നിക്കോബർ ദ്വീപിലെ സംയുക്ത കമാൻഡിനോട് ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് യുദ്ധക്കപ്പലുകളുടെ വിന്യാസം ശ്രദ്ധിക്കാൻ പ്രത്യേകമായി നിർദ്ദേശിച്ചു. അതിർത്തിയിൽ പ്രശ്നങ്ങളുണ്ടാവുമ്പോൾ, വടക്കൻ കമാൻഡും പടിഞ്ഞാറൻ കമാൻഡും മാത്രം അതു നേരിടുകയും മറ്റുള്ളവർ ഉത്സവങ്ങളിലും ഗോൾഫ് കളിയിലും പങ്കാളികളാവുകയും ചെയ്യുന്നത് ശരിയല്ലെന്ന് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. ലഡാക്കിൽ യുദ്ധം തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതേ സമയം നടപടികൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി നാവികസേനയുടെ മറൈൻ കമാൻഡോകളെ കിഴക്കൻ ലഡാക്കിൽ വിന്യസിച്ചു. ഇവർക്കാവശ്യമായ വസ്ത്രങ്ങളും മുഖാവരണങ്ങളും ആയി അമേരിക്കയിൽനിന്നെത്തിയ ഉടൻ സംഘം കിഴക്കൻ ലഡാക്കിലേക്ക് പുറപ്പെടും. നവംബർ ആദ്യവാരം യു.എസിൽനിന്ന് സാധനസാമഗ്രികൾ എത്തും. നാവികസേനാ കമാൻഡോകൾ കൊടും തണുപ്പും മഞ്ഞുവീഴ്ചയും കുളിർകാറ്റും അടങ്ങിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനായാണ് തീരുമാനം.