എം.സി. കമറുദ്ദീന്‍ എംഎല്‍എക്കെതിരായ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എക്കെതിരായ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണെന്നും, നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എക്കെതിരായ കേസ് റദ്ദാക്കാന്‍ ആകില്ല. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ട്. തട്ടിയ പണം എവിടേക്ക് പോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടര്‍ ആയ എം.സി. കമറുദ്ദീനും കേസില്‍ തുല്യ പങ്കാളിത്തം ഉണ്ട്. വഞ്ചനാ കേസ് റദ്ദാക്കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും അതിനാല്‍ കേസ് റദ്ദാക്കാന്‍ ആകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് സമാനമായ കേസ് ആണ് ഇതെന്ന ഗുരുതരമായ ആരോപണവും സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചു. ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് 84 കേസ് ഇതുവരെ എടുത്തതായും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
ഇതിനിടെ, പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നിക്ഷേപകരുടെ തീരുമാനം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീനെതിരെ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടു മാസം കഴിയുമ്പോഴേക്കും ചന്തേര, കാസര്‍ഗോഡ്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനുകളിലായി കേസുകളുടെ എണ്ണം 84 ആയി. ഇതിനിടെയാണ് തനിക്കെതിരായ വഞ്ചനാ കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചത്. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസ് ആണെന്നും കമറുദ്ദീന്‍ ഹൈക്കോടതിയെ അറയിച്ചു. എന്നാല്‍ ജ്വല്ലറി ചെയര്‍മാന്‍ കമറുദ്ദീന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം എതിര്‍ സത്യവാങ്മൂലം മുൻകൂട്ടി സമര്‍പ്പിച്ചിരുന്നു. ഇതിനാവശ്യമായ തെളിവുകളും സംഘം നൽകിയിരുന്നു. കേസില്‍ കോടതി നടപടികള്‍ കൂടി വന്നതോടെ എം.എല്‍.എയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ വീണ്ടും വൈകുകയാണ്. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ പ്രതിഷേധം ശക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് സമരം വ്യാപിപ്പിക്കാനും ആലോചനയുണ്ട്. കഴിഞ്ഞ ദിവസം എംഎല്‍എയുടെയും ജ്വല്ലറി എംഡി പൂക്കോയ തങ്ങളുടെയും വസതിയിലേക്ക് നിക്ഷേപകര്‍ മാര്‍ച്ച് നടത്തിയിരുന്നു.