അവയവ തട്ടിപ്പിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്ക്.

കേരളത്തെ ഞെട്ടിച്ചിരിക്കുന്ന അവയവ തട്ടിപ്പ് സംഭവത്തിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും പങ്ക്. അവയവ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയ സാഹചര്യത്തിൽ 2012 ഓഗസ്റ്റ് 12ന് നിലവില്‍ വന്ന മൃതസജ്ഞീവനി പദ്ധതി അട്ടിമറിക്കാനുള്ള ശ്രമാണ് നടന്നത്. ഇതിനായി ചില ഉദ്യോഗസ്ഥർ അവയവ ദാനത്തിനു വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി കൂട്ടുനിന്നതായ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മൃതസജ്ഞീവനി പദ്ധതിയുടെ മറവിലായിരുന്നു ഇത്.
മൃതസജ്ഞീവനി പദ്ധതി അട്ടിമറിക്കുന്നതിനും അവയവമാഫിയക്ക് പങ്കുള്ളതായി ആശങ്ക ഉയരുന്നുണ്ട്. മൃതസജ്ഞീവനി വഴി മാത്രമേ സംസ്ഥാനത്ത് അവയവദാനം സാധ്യമാവുകയുള്ളൂ എന്ന അവസ്ഥ ഉണ്ടായിരിക്കെ, നേരത്തെ പേരുകൾ രജിസ്റ്റർ ചെയ്തവരുടെ മുൻഗണ ക്രമം മാറ്റിമറിക്കപ്പെട്ടു. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ അവയവ ദാനത്തിനു വ്യാജ സർട്ടിഫിക്കറ്റുകൾ പോലും തയ്യാറാക്കി നൽകി. അവരുടെ ഒത്താശയോടെ അവയവ വ്യാപാരം തന്നെ നടന്നതായ വിവരങ്ങളാണ് ക്രൈം ബ്രാഞ്ചിന് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമാണെന്നാണ് ക്രൈംബ്രാഞ്ച് കേസിന്റെ എഫ്.ഐ.ആറിൽ പറഞ്ഞിട്ടുള്ളത്. അവയവ വ്യാപാരം, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ആണ് നടന്നിരിക്കുന്നത്. ഗൂഢാലോചനയില്‍ നിരവധി പേരുണ്ടെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ആണ് എഫ് ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭീകരതയുടെയും ചതിയുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണം പുരോഗമിക്കുന്തോറും പുറത്ത് വരുന്നത്. സംസ്ഥാനത്ത് അവയവ തട്ടിപ്പ് നടന്നത് വ്യാജ രേഖകൾ മറയാക്കിയാണെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അവയവങ്ങൾ നൽകുന്നുവെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇടപാടുകൾ നടന്നത്. പക്ഷെ ഇടപാടുകൾ അത്രയും പണം വാങ്ങിയാണ് നടന്നത്. ഈ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നേടുന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങൾ തേടി ആരോഗ്യവകുപ്പിന് ക്രൈംബ്രാഞ്ച് കത്ത് നൽകി.
ഗുണ്ടകൾ മുതൽ കഞ്ചാവ് കേസിലെ പ്രതികൾ വരെ ഇടപാടിൽ ഉൾപ്പെടുന്നതായാണ് കണ്ടെത്തൽ. അതു കൊണ്ട് തന്നെ ദാതാക്കളുടെ പശ്ചാത്തലമാണ് ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടന്ന 35 അവയവദാനങ്ങൾ ക്രൈം ബ്രാഞ്ച് പരിശോധിച്ച് വരികയാണ്. ഈ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് സംബന്ധിച്ച സംശയം ഉണ്ടാകുന്നത്. ഈ സർട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങളാണ് ക്രൈം ബ്രാഞ്ച് തേടിയിരിക്കുന്നത്. ആരോഗ്യവകുപ്പ് നൽകുന്ന രേഖകൾ പരിശോധിച്ച് ഇതിന് പിന്നിലെ സർക്കാർ ഉദ്യോഗസ്ഥരിലേക്കും ഏജന്റുമാരിലേക്കും അന്വേഷണം കൊണ്ടുപോകാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.
അതേസമയം അവയവം സ്വീകരിച്ച പലരുടേയും മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ചിന് കഴിയാത്തത് അന്വേഷണണ സംഘത്തിന് തിരിച്ചടിയായിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞുവെങ്കിലും പലരുടെയും ആരോഗ്യാവസ്ഥ മോശമായതിനാലാണ് മൊഴിയെടുക്കുന്നതിൽ പ്രയാസം നേരിടുന്നത്. ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനത്തിന്‍റെ മറവില്‍ നടക്കുന്നത് ലക്ഷങ്ങളുടെ കൊള്ളയെന്ന് ആരോഗ്യവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ ആണ് ജീവിച്ചിരിക്കെ ധാതാവും സ്വീകർത്താവും പരസ്പരം അറിയാതെ അവയവ ധാനം നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയത്. ഇതനുസരിച്ചു താല്പര്യം ഉള്ളവർ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യണം . അതായത് പണമിടപാട് തീർത്തും ഒഴിവാക്കുന്ന രീതിയാണിത്, അതെ സമയം ദാതാവിന്റെ തുടർചികിത്സ എല്ലാം സർക്കാർ ഏറ്റെടുക്കുകയും ചെയ്യും.
ഈ സംവിധാനത്തെ ആണ് ഇടനിലക്കാര്‍ അട്ടിമറിച്ചിരിക്കുന്നത്. മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യുന്നവരുടെ കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് തുടങ്ങിയവ അത്തരം അവയവങ്ങളുടെ തകരാറു മൂലം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ മാറ്റിവെക്കുന്നത് മൃതസജ്ഞീവനി പദ്ധതിപ്രകാരമാണ്.
അവയവദാനത്തില്‍ സുതാര്യത ഉറപ്പ് വരുത്തുന്നതോടൊപ്പം അവയവം ആവശ്യമുള്ളവരുടെയും നല്‍കാന്‍ സന്നദ്ധരായവരുടെയും ഏകോപനവും മൃതസജ്ഞീവനി പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അവയവദാന മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയ്ക്ക് കനത്ത അടിയായി മാറി. ചില സ്വകാര്യ ആശുപത്രികളെ കേന്ദ്രീകരിച്ച് ആശുപത്രി അധികൃതരുടെ സഹകരണത്തോടെയാണ് അവയവക്കൊള്ള നടത്തുന്നതെന്നാണ് പുറത്തു വന്ന വിവരങ്ങള്‍. ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളെ രക്ഷപ്പെടുത്തുന്നതിന് പകരം മരണത്തിലേക്ക് നയിക്കാനാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതെന്നും അതുവഴി രോഗിയുടെ ബന്ധുക്കളെ അവയവ ദാനത്തിന്റെ മഹത്വം ബോധ്യപ്പെടുത്തി അവയവങ്ങള്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കുന്ന പ്രക്രിയയാണ് ആശുപത്രികള്‍ നടത്തുന്നതെന്നുമുള്ള ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.