സമരങ്ങളെ ഭയന്ന് സെക്രട്ടറിയേറ്റിൻ്റെ സുരക്ഷ ചുമതല സർക്കാർ സായുധ സേനക്ക് കൈമാറുന്നു.

സ്വർണ്ണക്കടത്ത് ലൈഫ് മിഷൻ ആരോപങ്ങളുടെ തീച്ചൂളയിൽ മുങ്ങിത്തപ്പുന്നതിനിടെ ജനം ഇനി അല്പം അകലം പാലിക്കട്ടെ എന്ന് സർക്കാർ. സെക്രട്ടേറിയറ്റിൽ സുരക്ഷ വീഴ്ച്ച കണ്ടെത്തിയ സാഹചര്യത്തിൽ സുരക്ഷ ചുമതല പൂര്‍ണമായും സായുധസേനയെ ഏല്‍പ്പിക്കുന്നു. സംസ്ഥാന വ്യവസായ സുരക്ഷാ സേനയെയാണ് സെക്രട്ടേറിയറ്റിന്റെ സുരക്ഷ ചുമതല ഏൽപ്പിക്കുന്നത്. സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ജനകീയ സമരങ്ങൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തിലിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ സമരക്കാര്‍ സെക്രട്ടേറിയറ്റ് മതില് ചാടിക്കടക്കുന്നതു പതിവായതോടെയാണ് സുരക്ഷ വീഴ്ച്ച ശ്രദ്ധയിൽ പെട്ടത്. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. 200 പേരടങ്ങുന്ന സംഘത്തെയാണ് വിന്യസിക്കാനൊരുങ്ങുന്നത്. സന്ദര്‍ശകര്‍ക്കും സെക്രെട്ടറിയേറ്റിൽ ഇനി നിയന്ത്രണമുണ്ടാകും. അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് വളപ്പില്‍ കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സെക്രട്ടേറിയറ്റിന്റെ നാലു കവാടങ്ങള്‍ക്കു പുറമെ കോമ്പൗണ്ടിലും വ്യവസായ സുരക്ഷാ സേനംഗങ്ങള്‍ കാവലുണ്ടാകും.
കർശന നിയന്ത്രണങ്ങളാണ് ഇനി സെക്രട്ടറിയേറ്റിൽ ഉണ്ടാവുക. നവംബർ ഒന്നുമുതലാണ് സുരക്ഷ ക്രമീകരണങ്ങൾ നിലവിൽ വരിക. നിലവില്‍ ഡ്യൂട്ടിയിലുള്ള വിമുക്തഭടന്മാരെ സുരക്ഷാ ചുമതലയില്‍ നിന്നും ഒഴിവാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്ന സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ പകരം വിന്യസിക്കും.