ബിനീഷ്കൊടിയേരി ആശുപത്രി വിട്ടു, താൻ ചെയ്യാത്ത കാര്യം ചെയ്തെന്ന് പറയിപ്പിക്കാൻ ഇഡി ശ്രമിക്കുന്നതായി ബിനീഷ് കോടിയേരി.

ബംഗളൂരു/ താൻ ചെയ്യാത്ത കാര്യം ചെയ്തെന്ന് പറയിപ്പിക്കാൻ ഇഡി ശ്രമിക്കുന്നതായി ബിനീഷ് കോടിയേരിയുടെ ആരോപണം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിനീഷ് കോടിയേരി സ്കാൻ ചെയ്തു മടങ്ങുമ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. ഇഡി തന്നെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയാണെന്നും മാധ്യമപ്രവർത്തകരോട് ബിനീഷ് പറഞ്ഞു. അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ്കൊടിയേരി ആശുപത്രി വിട്ടു. നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബിനീഷിനെ അത്യാഹിത വിഭാഗത്തിൽ രണ്ടര മണിക്കൂർ നിരീക്ഷണത്തിന് ശേഷമാണ് തിരികെ ഇ.ഡി ഓഫീസിൽ എത്തിക്കുകയായിരുന്നു.
മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്തതിനെ തുടർന്ന് അറസ്റ്റിലായ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എൻ ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ചോദ്യം ചെയ്യലിനിടെയാണ് ബിനീഷിന് ദേഹാസ്വാസ്ഥ്യം ഉള്ളതായി പറയുന്നത്. നടുവേദനയാണ് മുഖ്യ പ്രശ്നമായി പറഞ്ഞത്. ഇതേതുടർന്നു ബിനീഷിനെ ബംഗളൂരുവിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച അറസ്റ്റിലായ ബിനീഷിനെ തുടർച്ചയായി ഇഡി ചോദ്യം ചെയ്തു വരികയായിരുന്നു.
ഇതിനിടെ ബിനീഷിന്റെ ആരോഗ്യ വിവരങ്ങള്‍ ഇഡി നല്‍കുന്നില്ലെന്ന് അഭിഭാഷകൻ ആരോപിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിയിച്ചില്ല. കസ്റ്റഡി മർദനം ഉണ്ടായെന്നും അഭിഭാഷകൻ രഞ്ജിത്ത് ശങ്കര്‍ ആരോപിക്കുകയുണ്ടായി. എന്താണ് ആരോഗ്യപ്രശ്നമെന്നോ ചികിത്സയെന്നോ വ്യക്തമാക്കുന്നില്ല. സുപ്രീം കോടതി മാനദണ്ഡങ്ങള്‍ ഇഡി ലംഘിക്കുകയാണ്. തിങ്കളാഴ്ച ബിനീഷിനായി ജാമ്യാപേക്ഷ നൽകുമെന്നും രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. തിങ്കളാഴ്ച ബിനീഷിനു വേണ്ടി ജാമ്യത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇ ഡി യുടെ ചോദ്യം ചെയ്യലിന് ശേഷം എൻ സി ബി ബിനീഷിനെ ചോദ്യം ചെയ്യുമെന്ന് ഉറപ്പായ ശേഷമാണ് ഉച്ചയോടെ ബിനീഷിനു ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.ആശുപത്രിയില്‍ എത്തിയ സഹോദരൻ ബിനോയും അഭിഭാഷകരും ബിനീഷിനെ കാണാനായി അനുവദിച്ചില്ല. ഇതേ ചൊല്ലി ഇ ഡി ഉദ്യോഗസ്ഥരും, ബിനോയ് കോടിയേരിയും വക്കീലന്മാരും തമ്മിൽ വാക്കുതര്‍ക്കമുണ്ടായി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ(പിഎംഎൽഎ)പ്രകാരമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.