Editor's ChoiceKerala NewsLatest NewsLocal NewsNews

കൊച്ചിയിൽ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി.

കൊച്ചി/ കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നിലവിൽ വന്നു. മെട്രോ നഗരങ്ങളിലെല്ലാം തന്നെ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി വേണമെന്ന നിർദ്ദേശത്തെ തുടർന്നാണ് കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ രൂപീകറിച്ചിരിക്കുന്നത്. പൊതുഗതാഗത ഏകോപനം, നടത്തിപ്പ്, നിയന്ത്രണം, ആസൂത്രണം, മേൽനോട്ടം എന്നിവയാണ് അതോറിറ്റിയുടെ ചുമതല. ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളിലെല്ലാം അതോറിറ്റി രൂപീകരിച്ചുവെങ്കിലും പ്രവർത്തനങ്ങൾ വിപുലീകരിച്ചിട്ടില്ല. ഇന്ത്യയിൽ ആദ്യമായി ഒരു സമഗ്ര നിയമത്തിന്റെ പിൻബലത്തിൽ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി രൂപ്യകരിക്കുന്നതു ആദ്യമായിട്ടാണ് എന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേരളപ്പിറവി ദിനത്തിൽ സർക്കാരിന്റെ 100 ദിനം, 100 പദ്ധതിയുടെ ഭാഗമായി ഗതാഗത വകുപ്പിന് കീഴിൽ കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതൊരു നാടിന്റെ വികസനം സുഗമമാകുന്നത് അനുസ്യൂത യാത്ര ഒരുങ്ങുമ്പോൾ ആണെന്ന് മന്ത്രി പറഞ്ഞു.
മികച്ച ഗതാഗത ആസൂത്രണവും കൃത്യമായ ഭൂപ്രദേശ വിനിയോഗവും , ഗതാഗത സംയോജനവുമാണ് നഗര ഗതാഗതം നേരിടുന്ന പ്രധാന വെല്ലുവിളി . അതോറിറ്റി രൂപീകരണം വഴി ഈ വെല്ലുവിളിയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.

അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതും ദേശീയ നഗര ഗതാഗത നയം വിഭാവനം ചെയ്യുന്നതുമാണ് ഈ പദ്ധതി. യാത്രക്കാരുടെ ആവശ്യത്തിനും, താല്പര്യത്തിനും അനുസരിച്ച് പൊതുഗതാഗതം ഒരുക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത് എന്നും മന്ത്രി പറഞ്ഞു .
റയിൽവേ, മെട്രോ റയിൽ, ബസ് സർവീസ്, ടാക്സി സർവീസ്, ഓട്ടോറിക്ഷ, സൈക്കിൾ തുടങ്ങിയ ഗതാഗത മാർഗങ്ങളുടെ ഏകോപനം ആദ്യഘട്ടത്തിൽ ഉറപ്പാക്കി. സർവീസ് നടത്തുന്ന ബസുകളെയെല്ലാം ചേർത്ത് 7 കമ്പനികൾ രൂപീകരിച്ചു. ഓട്ടോ സർവീസുകളെല്ലാം ഒന്നിപ്പിക്കുന്ന സൊസൈറ്റിയും രൂപീകരിച്ചു . കൂടാതെ ഓട്ടോറിക്ഷ സേവനം കാര്യക്ഷമവും തർക്കമറ്റത്തും ആക്കാൻ ഔസ ആപ്പ് സൊസൈറ്റി ആവിഷ്കരിച്ചു. കൊച്ചി മെട്രോയുടെ കീഴിലെ സൈക്കിൾ യാത്രയും ഇതിനു വേണ്ടി ഉപയോഗിക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ യാത്രക്കാർക്ക് ഒരു ടിക്കറ്റിൽ ഏത് ഉപാധിയിലൂടെയും യാത്ര ചെയ്യാവുന്ന സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത്. മെട്രോ വൺ കാർഡ് പദ്ധതിയും ബസുകളിൽ സ്മാർട്ട്കാർഡുപയോഗിച്ചുള്ള യാത്രയും നഗരത്തിൽ നിലവിലുണ്ട്. 150 ബസുകളിലാണ് ഇത്തരം സംവിധാനമുള്ളത്. ഇത് ഓട്ടോ റിക്ഷകളിലേക്കും, ബോട്ട് സർവീസിലേക്കും വ്യാപിപ്പിക്കും. ട്രാഫിക് നിയന്ത്രണങ്ങൾക്കായി ഇൻ്റലിജൻറ് ട്രാഫിക് മാനേജ്മെൻറ് സിസ്റ്റം എന്നീ വിപുലമായ തയ്യാറെടുപ്പുകൾ കൊച്ചിയിൽ നഗരത്തിൽ നടപ്പിലാക്കി കഴിഞ്ഞു.
ആദ്യഘട്ടത്തിൽ കൊച്ചി കോർപറേഷൻ പരിധിയിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് അതോറിറ്റി രൂപീകരിക്കുന്നത്. തുടർന്ന് ജിഡ, ജിസിഡിഎ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും അതോറിറ്റിയുടെ നേതൃത്വത്തിൽ വാഹന സൗകര്യം ഒരുക്കും. സിംഗപ്പൂരിലെ ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നിർദ്ദേശങ്ങളും കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്. ഇനി പൊതുഗതാഗത സംവിധാനങ്ങളും, റോഡുകളും, ട്രാഫിക് നിയന്ത്രണവും എല്ലാം അതോറിറ്റിയുടെ പൂർണ നിയന്ത്രണത്തിലാകും. റോഡ് അറ്റകുറ്റപണികൾ വരെ അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും നടക്കുക. എല്ലാ ഭാഗങ്ങളിലേക്കുമുള്ള യാത്രാ സൗകര്യങ്ങളും അതോറിറ്റി ഉറപ്പു വരുത്തും. പദ്ധതിയുടെ നടത്തിപ്പിനായി നഗരത്തിൻ്റെ മുഖഛായ തന്നെ മാറ്റുന്ന പ്രവർത്തനങ്ങളാണ് വരുന്നത്. സൈക്കിൾ യാത്രക്കാർക്കായി റോഡിനോടു ചേർന്ന് പ്രത്യേക പാത ഒരുക്കും. കാൽനട യാത്രക്കാർക്കുള്ള പാത ഭിന്നശേഷീ സൗഹൃദമാക്കും. മൊബൈൽ ആപ് വഴിയായിരിക്കും പ്രവർത്തനങ്ങളുടെ ഏകോപനം. യാത്രയുടെ ആരംഭത്തിൽ തന്നെ എത്തേണ്ട സ്ഥലത്തേക്കുള്ള യാത്രാ ഉപാധി യാത്രക്കാരനു തെരഞ്ഞെടുക്കാം. ആദ്യം ബോട്ട് പിന്നീട് യാത്ര ബസിൽ അതിനു ശേഷം ടാക്സിയിൽ തുടങ്ങി യാത്രക്കാരൻ്റെ സൗകര്യത്തിനനുസരിച്ചുള്ള ഉപാധികൾ ആപിൽ കാണിക്കും. സ്മാർട്ട് കാർഡ് ഉള്ളവർക്ക് ഒറ്റത്തവണയായി തന്നെ യാത്ര നിരക്ക് അടക്കാവുന്ന സൗകര്യവുമുണ്ടാകും.

ഗതാഗത മന്ത്രിയാണ് അതോറിറ്റിയുടെ അദ്ധ്യക്ഷൻ. ഗതാഗത സെക്രട്ടറി ഉപാധ്യക്ഷനായിരിക്കും. മേയർ, എം എൽ എ, ഗതാഗത മേഖലയിലെ വിദഗ്ധർ എന്നിവർ അംഗങ്ങളുമാണ്. അർബൻ ട്രാൻസ്പോർട്ട് ഓപ്പറേഷൻസിൽ ഡോ. ഒ.വി. അഗർവാൾ, നഗരഗതാഗത ആസൂത്രണത്തിൽ ഡോ. രവി രാമൻ , കോർപ്പറേറ്റ് ഗവേണൻസിൽ കെ.ജെ. സോഹനും നിയമകാര്യത്തിൽ അഡ്വ. ജോൺ മാത്യുവും വിദഗ്ധ അംഗങ്ങളായിരിക്കും.ചടങ്ങിൽ ടി.ജെ വിനോദ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു.കൊച്ചി മേയർ സൗമിനി ജെയിൻ മുഖ്യ പ്രഭാഷണം നടത്തി. ഗതാഗത വിദഗ്ദ്ധൻ ഡോ . ഒ വി അഗർവാൾ , ഹൈബി ഈഡൻ എം പി , എം എൽ എ മാരായ എം. സ്വരാജ് , ജോൺ ഫെർണാണ്ടസ് , പി ടി തോമസ് , കൗൺസിലർ കെ വി പി കൃഷ്ണകുമാർ , ട്രാൻസ്‌പോർട് സെക്രട്ടറി കെ ആർ ജ്യോതിലാൽ , ട്രാൻസ്‌പോർട് കമ്മീഷണർ എം ആർ അജിത്കുമാർ , ജില്ലാ കലക്‌ടർ എസ് . സുഹാസ് , കൊച്ചിൻ സ്മാർട്ട് മിഷൻ സി ഇ ഒ ജാഫർ മാലിക് , സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button