സർക്കാർ സർവീസുകളിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ പി എസ് സി തീരുമാനിച്ചു.

തിരുവനന്തപുരം/ സർക്കാർ സർവീസുകളിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ പി എസ് സി തീരുമാനിച്ചു. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണം ഒക്ടോബർ 23 മുതൽ ഏർപ്പെടുത്താൻ ആണ് പിഎസ്‌സി തീരുമാനം എടുത്തത്. സംവരണ വിവരം നൽകാനുളള അപേക്ഷകളുടെ സമയപരിധി പി എസ് സി നീട്ടിയിരിക്കുകയാണ്. ചൊവ്വാഴ്ച അപേക്ഷ നൽകാനുളള സമയപരിധി തീരുന്ന ലിസ്റ്റുകൾക്ക് കൂടി സംവരണം നടപ്പാക്കാനാണ് പി എസ്‍ സിയുടെ തീരുമാനം. ഒക്ടോബർ 23നോ അതിനുശേഷമോ കാലാവധി അവസാനിക്കുന്ന തസ്തികകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 14വരെ ഇതിനാൽ നീട്ടി. അര്‍ഹരായ ഉദ്യോഗാർത്ഥികൾക്ക് മുന്നാക്ക സംവരണത്തിനു അപേക്ഷിക്കാനാണ് അപേക്ഷാ കാലാവധി നീട്ടിയിരിക്കുന്നത്.
കഴിഞ്ഞ മാസം 23നാണ് മുന്നാക്ക സംവരണം നടപ്പാക്കി കൊണ്ടുളള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റു സംവരണങ്ങളൊന്നും ഇല്ലാത്തവരുമായ മുന്നാക്ക വിഭാഗക്കാർക്കു സർക്കാർ ജോലിയിൽ 10% സംവരണം നൽകുന്ന ചട്ടഭേദഗതിക്കു മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് ചട്ടമാണു ഇതിനായി സർക്കാർ ഭേദഗതി ചെയ്തത്.