പൊതു സമ്മതം നീക്കി; പിണറായി സർക്കാർ സി ബി ഐയെ വിലക്കി.

തിരുവനന്തപുരം/ കേസുകൾ അന്വേഷിക്കാൻ സിബിഐയ്ക്ക് ഉണ്ടായിരുന്ന പൊതുഅനുമതി കേരളം പിൻവലിച്ചു. ബുധനാഴ്ച നടന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. 2017 ലെ എൽ.ഡി.എഫ് സർക്കാർ നൽകിയിരുന്ന പൊതുഅനു മതിയാണ് കേരള മന്ത്രി സഭ റദ്ദാക്കിയത്. പൊതുസമ്മതം പിൻവലിക്കാനുള്ള തീരുമാനം എക്സിക്യൂട്ടീവ് ഓർഡറായി പുറത്തിറക്കും. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക.
ഇനി മുതൽ സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ സി ബി ഐ ക്ക് സർക്കാരിന്റെ അനുമതി ആവശ്യമായി വരും. എന്നാൽ കോടതിയുടെ നിർദേശപ്രകാരം കേസുകൾ എടുക്കണമെങ്കിലോ ക്രിമിനൽ കേസുകൾ വരുമ്പോഴോ ഈ നിയന്ത്രണം ബാധകമാവില്ല. ഇത് എക്സിക്യൂട്ടീവ് ഓർഡറായി നിലവിൽ വരും.വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയുടെ നിർദേശപ്രകാരമോ സർക്കാരിന്റെ ആവശ്യപ്രകാരമോ അല്ലാതെ അനിൽ അക്കര എം.എൽ.എയുടെ പരാതിയിൽ സിബിഐ അന്വേഷണം ആരംഭിക്കുകയും ഉന്നത ഉദ്യോഗസ്ഥരെ അടക്കം വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. തുടർന്നാണ് സി.ബി.ഐക്കുള്ള പൊതുസമ്മതം നിയന്ത്രിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയത്.
അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തി കേരളത്തിൽ സി.ബി.ഐയെ വിലക്കണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോയും നേരത്തെ നിർദേശിച്ചിരുന്നു. സി.ബി.ഐ. അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു മാറ്റാനാണ് പി.ബി. നിർദേശിച്ചത്. അതേസമയം, സി.ബി.ഐയുടെ നിലവിലെ അന്വേഷണങ്ങളെ ഈ തീരുമാനം ബാധിക്കില്ല. ചട്ടങ്ങൾ പാലിച്ചുകൊണ്ട് തുടർന്നും അന്വേഷണം തുടരാം.