ബിനീഷിന്റെ വീട്ടിലടക്കം ഏഴിടങ്ങളിൽ റെയ്ഡ്, 5 മണിക്കൂറുകൾ പിന്നിട്ടു.

ലഹരികടത്തു കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന 5 മണിക്കൂറുകൾ പിന്നിട്ടു. എട്ടംഗ സംഘം സി.ആർ.പി.എഫ് സുരക്ഷയിലാണ് പരിശോധന നടത്തുന്നത്. ബിനീഷിന്റെ തിരുവനന്തപുരത്തെ മരുതം കുഴിയിലെ വീട്ടിലും കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുടെ വീട്ടിലും ടോറസ് റെമഡീസ് ഉടമ ആനന്ദ പത്മനാഭൻ ,അരുൺ വർഗീസ് ,അബ്ദുൽ ജബ്ബാർ ,അബ്ദുൽ ലത്തീഫ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുകയാണ്. അബ്ദുൽ ലത്തീഫിന്റെ കാര് പാലസിന്റെ ഓഫീസും പരിശോധിക്കുന്നുണ്ട് . 7 ഇടങ്ങളിലായാണ് ഒരേസമയം പരിശോധന നടക്കുന്നത് .
മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാൻവിളയിലുള്ള വീട്ടിൽ രാവിലെ 9 മണിയോടെയാണ് ഉദ്യോഗസ്ഥർ പരിശോധനക്കായി എത്തിയത്. വീടിന്റെ താക്കോൽ ലഭിക്കാത്തതിനാൽ ഇഡി ഉദ്യോഗസ്ഥർക്ക് ആദ്യം അകടത്തു കടക്കാൻ സാധിച്ചില്ല തുടർന്ന് ബിനീഷിന്റെ ബന്ധുക്കൾ താക്കോലെത്തിച്ചതിനെ തുടർന്നു ഉദ്യോഗസ്ഥർ അകത്തേക്ക് കയറിയുകയും പരിശോധന ആരംഭിക്കുകയും ചെയ്തു. സുരക്ഷാ മുൻനിർത്തി സി.ആർ.പി.എഫ് വീടിന് മുന്നിൽ നിലയുറച്ചിട്ടുണ്ട്.
2012 മുതൽ 2019 വരെ ബിനീഷ് 5.17 കോടിയുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ബാങ്കുകളിൽ നിന്ന് ശേഖരിക്കാനും, ബിനീഷിന്റെ വസതിയിലും ബിസിനസ് പങ്കാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുമായാണ് എട്ടംഗ ഇ.ഡി സംഘം ബംഗളൂരുവിൽ നിന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തുന്നത്. ബിനാമിയിടപാടുകൾ ബിനീഷ് വെളിപ്പെടുത്താത്ത സാഹചര്യത്തിൽ, സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ.ഡി നടപടികളുമായി മുന്നോട്ടു പോവുകയുമാണ്.
ബാങ്കിടപാടുകളുടെ രേഖകൾ പരിശോധിച്ച് ഇ.ഡി തയ്യാറാക്കിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ, ആദായനികുതി ഉദ്യോഗസ്ഥർ ഇ.ഡി ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. അനധികൃത ഇടപാടുകളിലുള്ള 5.17കോടി, ലഹരിമരുന്ന് ഇടപാടിലൂടെ സമാഹരിച്ചതാണെന്നാണ് ഇ ഡി യുടെ റിപ്പോർട്ട്. പക്ഷെ ബിനീഷ് ആദായനികുതി വകുപ്പിന് നൽകിയ കണക്കുമായി ഇത് ഒത്തുപോകുന്നില്ല. ഓരോ വർഷവും സമർപ്പിച്ച റിട്ടേണിൽ ശരാശരി 40ലക്ഷത്തിനു മുകളിൽ വ്യത്യാസമുണ്ടായി.ഈ സാഹചര്യത്തിൽ ആദായനികുതി വെട്ടിപ്പ് നടത്തിയതിന് ബിനീഷിനെതിരെ പുതിയ കേസെടുത്തേക്കും. ബിനീഷിന്റെ ബിനാമിയാണെന്ന് കണ്ടെത്തിയ അബ്ദുൾ ലത്തീഫിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ ഡി പരിശോധന നടത്തും. ശംഖുംമുഖത്തെ ഓൾഡ് കോഫീ ഹൗസ് റസ്റ്റോറന്റ്, യു.എ.ഇ കോൺസുലേറ്റിലെ വിസാ സ്റ്റാമ്പിംഗ് ഇടപാടുകൾ നടത്തുന്ന യു.എ.എഫ്.എക്സ് സൊല്യൂഷൻസ്, കേശവദാസപുരത്തെ കാർ പാലസ്, കാപിറ്റോ ലൈറ്റ്സ്, കെകെ റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളും ബിനീഷിന്റെ ബിനാമി കമ്പനികളാണോയെന്ന് ഇ.ഡി അന്വേഷിക്കുന്നുണ്ട്. അതേ സമയം കോടിയേരി ബാലകൃഷ്‌ണനും കുടുംബവും ഈ വീട്ടിലില്ല. മയക്കുമരുന്ന് കേസിൽ ബിനീഷ് കുടുങ്ങിയതിന് പിന്നാലെ കോടിയേരിയും കുടുംബവും എ കെ ജി സെന്ററിന് മുന്നിൽ സ്ഥിതി ചെയ്യുന്ന സി പിഎമ്മിന്റെ അധീനതയിലുള്ള ഫ്ളാറ്റിലേക്ക് മാറുകയായിരുന്നു. വിവരം കിട്ടിയതോടെ, വീടിന് പൊലീസ് സുരക്ഷയൊരുക്കിയിരുന്നു.
തലശേരിയിലും റെയ്ഡ്.
കണ്ണൂര്‍/ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിലും ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്നവരുടെ സ്ഥാപനത്തിലും ഇ ഡി നടത്തുന്ന പരിശോധനയുടെ ഭാഗമായി തലശ്ശേരിയിലും റെയ്ഡ് നടക്കുകയാണ്. ബിനീഷിന്റെ അടുത്ത സുഹൃത്ത് അനസിന്‍റെ തലശ്ശേരിയിലെ വീട്ടിലാണ് പരിശോധന നടന്നത്. കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹിയായ മുഹമ്മദ് അനസ് ഇ ഡി എത്തുമ്പോൾ ഉണ്ടായിരുന്നില്ല. അനസിൻ്റെ വീടിനു സമീത്തുനിന്നും ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ ചില രേഖകൾ കണ്ടെത്തിയിട്ടുണ്ട്. രേഖകൾ ഭാഗികമായി കത്തിച്ചിരുന്നു. അനസ് സ്ഥലത്തില്ലാത്തതിനൽ അഭിഭാഷകൻ വീട്ടിലെത്തിയെങ്കിലും അകത്തേക്ക് അവരെ പ്രവേശിപ്പിച്ചില്ല.