ബിനീഷിന്റെ ബിനാമികളെയും ഇ ഡി ചോദ്യം ചെയ്യും.

ബംഗളുരു ലഹരി മാഫിയയുടെ ബിസിനസ്സിന്റെ പ്രധാന സാമ്പത്തിക സ്രോതസ് ആയിരുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരുന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ബിനാമികളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ബിനീഷിന്റെ ബിനാമികൾ എന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് അനസ്,റഷീദ് എന്നിവരെയാണ് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുക. അബ്ദുള്‍ ലത്തീഫിനെ ബംഗളൂരു ഓഫീസില്‍ വെച്ചും, അനസിനെ കൊച്ചി ഓഫീസിൽ വെച്ചും ആയിരിക്കും ചോദ്യം ചെയ്യുക. അനസിനോട് ഇന്ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ബിനീഷിന്റെ സ്വന്തം വീട്ടിലും സൗഹൃദങ്ങളുടെ ബിസിനസ് സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് തുടരുമ്പോള്‍ ബംഗളൂരുവിലെ ഇ.ഡി ആസ്ഥാനത്ത് തുടര്‍ച്ചയായി ഏഴാം ദിവസവും ബിനീഷ് ചോദ്യം ചെയ്യലിന് വിധേയനാക്കുകയുണ്ടായി. ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരോട് വിവിധ ഓഫീസുകളിൽ ഹാജരാകാൻ ആണ് ഇ.ഡി നിര്‍ദേശം നല്‍കിയിട്ടുള്ളത്. കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിനോട് ബംഗളുരുവിൽ ഹാജരാകാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ക്വറന്റീനിലായതിനാല്‍ നവംബര്‍ രണ്ടിന് ശേഷം ഹാജരാകാമെന്നായിരുന്നു ലത്തീഫ് നേരത്തെ മറുപടി നൽകിയിരുന്നത്. ഓള്‍ഡ് കോഫീ ഹൗസ് എന്ന റെസ്റ്റോറന്റില്‍ ബിനീഷിനും ലത്തീഫിനും പങ്കാളിത്തമുണ്ടെന്ന് ഇ.ഡിയുടെ കണ്ടെത്തിയതിനെ തുടർന്നാണ് ലത്തീഫിനോട് ഹാജരാകാൻ പറഞ്ഞിട്ടുള്ളത്. ലത്തീഫിനെ ബിനാമിയാക്കിക്കൊണ്ട് നിരവധി സ്ഥാപനങ്ങള്‍ ബിനീഷിനുണ്ടെന്നും ഇ.ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ലഹരിക്കേസ് പ്രതി മുഹമ്മദ് അനൂപിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് റഷീദിനോടും ഇ.ഡി ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കമ്മനഹള്ളിയിലെ ഹയാത്ത് എന്ന ഹോട്ടല്‍ അനൂപ് റഷീദില്‍ നിന്നാണ് വാങ്ങിയത്. ബിനീഷിന്റെ അക്കൗണ്ടുകളുടെ നിക്ഷേപ രശീതികള്‍ ഹാജരാക്കാന്‍ കേരളത്തിലെ ചില ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയതിനു പിറകെയാണ് ഇ ഡിയുടെ ഈ നീക്കങ്ങൾ ഉണ്ടായിരിക്കുന്നത്. ബിനീഷിന് ഇ ഡി കസ്റ്റഡിയിൽ അനുവദിച്ച കാലാവധി ശനിയാഴ്ച അവസാനിക്കുകയാണ്.