എം സി ഖമറുദ്ദീൻ രാജിവെക്കേണ്ട സാഹചര്യമില്ല: മുസ്ലീം ലീഗ്.

ജ്വലറി നിക്ഷേപ തട്ടിപ്പിൽ നിലപാട് വ്യക്തമാക്കി മുസ്ലീം ലീഗ് നേതൃത്വം. എം. സി കമറുദ്ദീൻ എം.എൽ.എ രാജിവെക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും മുസ്ലിം ലീഗ് പറഞ്ഞു. ലീഗ് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് നേതാക്കളുടെ പ്രതികരണം.എം. സി കമറുദ്ദീനെതിരെ നടക്കുന്നത് അസാധാരണ നടപടിയാണ്. വാർത്ത സൃഷ്ടിക്കാനുള്ള അറസ്റ്റ് നാടകമാണ് നടക്കുന്നതെന്നും മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു.
എം. സി കമറുദ്ദീൻ അഴിമതി നടത്തിയിട്ടില്ലെന്ന് ലീഗ് നേതൃത്വം വിലയിരുത്തി. കച്ചവടം തകർന്നാണ് കടം വന്നത്. കമറുദ്ദീനെതിരെ ചുമത്തിയത് നിലനിൽക്കാത്ത വകുപ്പുകളാണ്. കേസിന്റേയോ അറസ്റ്റിന്റേയോ പേരിൽ കമറുദ്ദീന്റെ രാജി ആവശ്യപ്പെടില്ല. നിക്ഷേപകരുടെ പണം ഉടൻ തിരിച്ചു നൽകണമെന്നാണ് മുസ്ലിം ലീഗ് തീരുമാനം. ഭരണപക്ഷണത്തിനെതിരെയുള്ള അഴിമതി വിവാദങ്ങൾ ബാലൻസ് ചെയ്യാനാണ് കമറുദ്ദീനെതിരെയുള്ള നടപടിയെന്നും മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു.