സൗദിയിൽ നിന്നുള്ള മൂന്നാം ഘട്ട വിമാന പട്ടികയിൽ കേരളത്തെ തള്ളി.

വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ സ്വന്തം നാട്ടിൽ തിരികെ എത്തിക്കാൻ സൗദിയിൽ നിന്നുള്ള മൂന്നാം ഘട്ട വിമാന പട്ടികയിൽ കേരളത്തെ പുറം തള്ളി. ജൂൺ 16 മുതൽ 22 വരെ ദമാം, റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്ന് 12 സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിലേക്ക് ഇതിൽ ഒരൊറ്റ വിമാനമില്ല. അതേസമയം ഈ മാസം 14 ന് റിയാദിൽ നിന്ന് പുറപ്പെടുമെന്ന് നേരത്തേ അറിയിച്ചിരുന്ന എയർ ഇന്ത്യ 924 വിമാനം 17 ലേക്ക് മാറ്റി. 15 ന് ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എ ഐ 1942 വിമാനം 18 ലേക്ക് പുനഃക്രമീകരിക്കുകയും ചെയ്തു.
ഈ പ്രാവശ്യം എയർ ഇന്ത്യയെ കൂടാതെ ഇൻഡിഗോ, ഗോ എയർ വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്. ദമാമിൽ നിന്ന് ആറും ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിൽ നിന്ന് മൂന്നും വീതം വിമാനങ്ങളുമാണ് ഉള്ളത്. 16, 19, 21 തീയതികളിലായാണ് ദമാമിൽ നിന്നുള്ള ആറ് സർവീസുകളും ഉണ്ടാവുക. യഥാക്രമം ഡൽഹി വഴി ഭുവനേശ്വർ, ലക്നൗ, ട്രിച്ചി, ഹൈദരാബാദ് വഴി ഗായ, അഹമ്മദാബാദ്, മാംഗളൂർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ ചാർട്ട് ചെയ്തിട്ടുള്ളത്. ആദ്യ രണ്ട് സ്റ്റേഷനുകളിലേക്ക് 16 നു എയർ ഇന്ത്യയും, 19 നു ഗോ എയറും, ആണ് സർവീസ് നടത്തുക. മറ്റു 4 സർവീസുകളും 21 ന് ഇൻഡിഗോയുടേതാണ്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്നു ശേഷിക്കുന്ന 6 സർവീസുകളും ജൂൺ 22 ന് ഇൻഡിഗോ ആണ് നടത്തുക.