കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു, കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തു.

ആലപ്പുഴ / കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടുകയും ധ്യാനം നടത്തുകയും ചെയ്തതിനാലാണ് പൊലീസ് കേസെടുത്തത്.
ഞായറാഴ്ച ആലപ്പുഴ എസ്.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാരാരിക്കുളം പൊലിസാണ് ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നും ആളുകള്‍ ധ്യാന കേന്ദ്രത്തില്‍ കൂട്ടം കൂടുന്നു വെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.
പൊലീസ് തുടര്‍ന്ന് പരിശോധന നടത്തുമ്പോൾ 50 ലധികം പേർ കൂട്ടം കൂടുകയും പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും കണ്ടെത്തുകയായിരുന്നു. ഒത്തുകൂടിയ എല്ലാവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനു മുൻപ് കൊവിഡ് ഭീഷണി ഉയർന്നുവന്ന അവസരത്തിൽ കൃപാസനം എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് അടച്ചു പൂട്ടിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചതോടെയാണ് സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തനം ആരംഭിക്കുന്നത്. ദിനം പ്രതി നൂറ് കണക്കിന് പേർ കൊവിഡിന് മുമ്പ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി കൃപാസനത്തില്‍ എത്തികൊണ്ടിരിക്കുകയായിരുന്നു.
1989 ല്‍ ഡോ. ഫാ. വി.പി ജോസഫ് വലിയവീട്ടില്‍ എന്ന വൈദികന്റെ നേതൃത്വത്തില്‍ തീരദേശ പാരമ്പര്യ പൈതൃക കലകളുടെ പ്രോത്സാഹനത്തിനായി ആരംഭിച്ച ഈ കേന്ദ്രം പിന്നീട് ആത്മീയ കേന്ദ്രമായി മാറ്റുകയായിരുന്നു. വിവാഹങ്ങള്‍ നടക്കാന്‍, ജോലി ലഭിക്കാന്‍, സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് രക്ഷ നേടാന്‍, രോഗങ്ങള്‍ ഭേദമാവാന്‍, പരീക്ഷകളില്‍ വിജയിക്കാന്‍, എന്നിങ്ങനെ പലവിധ ആവശ്യങ്ങള്‍ക്കായി ജാതി മത ഭേദമന്യേ നിരവധി ആളുകൾ കൃപാസനത്തിലെ പ്രാർഥനയിൽ പങ്കെടുക്കാൻ എത്താറുണ്ടായിരുന്നു.
ഏതു തരത്തിലുള്ള അസുഖങ്ങളും മാറുമെന്നും,ജീവിതത്തില്‍ മുന്നേറ്റം ഉണ്ടാകുമെന്നും, പറഞ്ഞാണ് കൃപാസനം പ്രവര്‍ത്തകര്‍ തങ്ങളുടെ ആത്മീയ ശുശ്രൂഷക്ക് ശക്തി പകർന്നിരുന്നത്. കൃപാസനം പത്രം തലയ്ക്ക് വെച്ചും കഴിച്ചുമൊക്കെ അസുഖം മാറിയതായി നിരവധിപേര്‍ അനുഭവസാക്ഷ്യം പറഞ്ഞ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.