ദുർമന്ത്രവാദം; ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം.

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ ദുർമന്ത്രവാദത്തിൻ്റെ പേരിൽ ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാൺപൂരിലാണ്
ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മൃതദേഹം കണ്ടെത്തിയപ്പോൾ പെൺകുട്ടിയുടെ വയറുകീറിയ നിലയിലായിരുന്നു. മൃതശരീരത്തിൽ ശ്വാസകോശം ഉണ്ടായിരുന്നില്ല. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു.ദമ്പതികൾ ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ.
ദുർമന്ത്രവാദമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. 1999ൽ വിവാഹിതരായ ദമ്പതികൾക്ക് കുട്ടികൾ ഇല്ലായിരുന്നു. കുട്ടികൾ ഉണ്ടാകാൻ പെൺകുട്ടിയെ കൊന്ന് ശ്വാസകോശം കഴിച്ചാൽ മതിയെന്ന തെറ്റിദ്ധാരണ കൊണ്ടാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളുടെ നിർദേശപ്രകാരം യുവാക്കളായ രണ്ട് പ്രതികളാണ് പെൺകുട്ടിയെ കൃത്യം നടത്തിയത്. ദീപാവലി ദിവസം രാത്രി വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്.
തുടർന്ന് ബലാത്സംഗത്തിനിരയാക്കി കൊല്ലുകയായിരുന്നു. തുടർന്ന് വയറുകീറി ശ്വാസകോശം പുറത്തെടുത്ത് മൃതദേഹം ഉപേക്ഷിച്ചു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പ്രദേശവാസികളും പൊലീസും രാത്രി മുഴുവൻ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഒരു കാടിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.