ചീട്ടുകളി സംഘത്തെ പൊക്കിയ പോലീസിന് 9 ലക്ഷം പാരിതോഷികം

ചീട്ടുകളി സംഘത്തെ ആസൂത്രിതമായ നീക്കത്തിലൂടെ പൊക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് 9 ലക്ഷം പാരിതോഷികം. ആലുവ പെരിയാർ ക്ലബ്ബിൽ നിന്ന് വൻ ചീട്ടുകളി സംഘത്തെ പിടികൂടിയ അന്വേഷണ സംഘത്തിന്, പിടികൂടിയ തുകയുടെ 50 ശതമാനം പ്രതിഫലമായി നൽകാൻ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. കേരള ഗെയിമിങ് ആക്ട് പ്രകാരമാണ് തുക ലഭിക്കുന്നത്.
2017 ഒക്ടോബറിലാണ് ക്ലബ്ബിൽ പോലീസ് റെയ്ഡ് നടത്തുന്നത്. 18 ലക്ഷത്തി ആറായിരത്തി ഇരുനൂറ്റി എൺപത് രൂപയായിരുന്നു അന്ന് പിടികൂടുന്നത്. സംഭവത്തിൽ 33 പേരെ ആലുവ റൂറൽ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് പിടികൂടിയ തുകയുടെ 50 ശതമാനമായ 9 ലക്ഷം രൂപയാണ് റെയിഡിൽ പങ്കെടുത്ത 23 അന്വേഷണ ഉദ്യോഗസ്ഥർക്കായി കോടതി ഉത്തരവ് പ്രകാരം ലഭിക്കുക. കോടതി ഉത്തരവ് ലഭിച്ചാലുടൻ തുക നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് എറണാകുളം റൂറൽ പൊലീസ് മേധാവി കെ കാർത്തിക് പ്രതികരിച്ചു.