അന്താരാഷ്ട്ര വെബിനാറിൽ താരങ്ങളായി അമ്പാടി മൂപ്പനും മരക്കൊരമ്പയും.

കാസർകോട് / കോവിഡ് കാലത്ത് തന്റെ പാരമ്പര്യ കരവിരുതിൽ അന്താരാഷ്ട്രവേദിയിൽ അംഗീകരിക്കപ്പെട്ട സന്തോഷത്തിലാണ് പുങ്ങംചാൽ കൊടിയംകുണ്ട് കോളനിയിലെ എടത്തിൽ അമ്പാടി മൂപ്പൻ. അപൂർവമായ മരക്കൊരമ്പ നിർമാണത്തിലൂടെയാണ് യുനെസ്‌കോയുടെ കീഴിലുള്ള ദക്ഷിണ കൊറിയൻ സാംസ്കാരിക സ്ഥാപനമായ ഇച്ച്കാപ്പിന്റെ വെബിനാറിൽ അമ്പാടി മൂപ്പൻ ആളുകളെ വിസ്മയിപ്പിച്ചത്. ‘ആപത്തുകാലത്തെ ഉന്മേഷ കലകൾ’ എന്ന പേരിലായിരുന്നു ഈ മാസം 12-നും 13-നും നടന്ന ഓൺലൈൻ പരിപാടി. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള അമൂർത്ത പൈതൃക കലാപ്രവർത്തകർ ഇതിൽ പങ്കെടുത്തു. ഫോകലാൻഡ് ചെയർമാൻ ഡോ. വി. ജയരാജനാണ് വെബിനാറിൽ മരക്കൊരമ്പ നിർമാണ വീഡിയോ അവതരിപ്പിച്ച് വിശദീകരിച്ചത്.
മഴനനയാതിരിക്കാൻ തെങ്ങോലയും പനയോലയും കൊണ്ട് കൊരമ്പ നിർമിക്കാറുണ്ടായിരുന്നു. പാടത്ത് പണിയെടുക്കുമ്പോൾ മഴ നനയാ തിരിക്കാനായിരുന്നു അതുപയോഗിച്ചിരുന്നത്. മരക്കൊരമ്പ ആദിവാ സിവിഭാഗത്തിൽപ്പട്ടവർമാത്രം നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്തുവന്നു. ഓടയും കാട്ടുകൂവയുടെ ഇലയും നാരും കൊണ്ടാണ് നിർമാണം. ഇതിന്റെ നിർമാണമറിയുന്നവർ ഇപ്പോൾ അപൂർവമാണ്.
രണ്ട് മാസം മുൻപാണ് അമ്പാടിയുടെ കരവിരുത് ക്യാമറയിൽ പകർത്തിയത്. ഇന്ത്യയിൽനിന്ന് നിരവധി പൈതൃകകലാരൂപങ്ങൾ വെബിനാറിലേക്ക് അയച്ചെങ്കിലും ഇടം ലഭിച്ചത് അമ്പാടിയുടെ മരക്കൊരമ്പ നിർമാണത്തിന് മാത്രം. പുങ്ങംചാലിലെ കൊടിയംകുണ്ട് തറവാട്ടുകാരുടെ കൃഷിക്കാരനായിരുന്നു 82 വയസ്സുള്ള അമ്പാടി. മംഗലംകളിക്കുള്ള തുടിയും എരുതുകളിക്കുള്ള രൂപവും നിർമിക്കുന്നതിൽ വിദഗ്‌ധനാണ്. 2003-ൽ തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ സാംസ്കാരിക മന്ത്രി ജി. കാർത്തികേയൻ, കാവാലം നാരായണപ്പണിക്കർ എന്നിവരുടെ സാന്നിധ്യത്തിൽ മംഗലംക ളിയാചാര്യ കാരിച്ചിയമ്മയ്ക്കൊപ്പം തുടികൊട്ടിപ്പാടി ശ്രദ്ധനേടി യിരുന്നു. സതീശ് ബങ്കളവും കെ. സുരേശനുമാണ് വീഡിയോ ചിത്രീകരിച്ചത്.