പാലാരിവട്ടം അഴിമതി: മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ.

കൊച്ചി/ പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതു മരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയി ലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തി യത്.വിജിലൻസ് നീക്കം ചോർന്നതിന് പിന്നാലെയാണ് അറസ്റ്റ് തടയാനുള്ള നീക്കവുമായി ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയതെന്ന ആരോപണം നിലനിൽക്കെയാണ് വിജിലൻസിന്റെ നിർണായക നീക്കം.
ടിഒ സൂരജ്, ആർഡിഎക്‌സ് കമ്പനി ഉടമ എന്നിവരുടെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കായത്. ഇബ്രാഹിംകുഞ്ഞിന് അഴിമതിയിൽ പങ്കുണ്ടെന്ന് നേരത്തെ ജാമ്യ ഹർജിയിൽ ടിഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. കരാറുകാരന് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നൽകാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നൽകാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് കൂട്ടിച്ചേർത്തിരുന്നു.
ഇന്ന് രാവിലെയോടെയാണ് ഇബ്രാഹിം കുഞ്ഞിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും അറസ്റ്റു ചെയ്യുന്നതിനുമായി വിജിലൻസ് സംഘം അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയത്. എന്നാൽ ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും ഭാര്യ സംഘ ത്തെ അറിയിച്ചു. ഇതിനെ തുടർന്നാണ് ഒരു സംഘം ആശുപത്രിയി ലേക്കെ ത്തിയത്. എങ്കിലും ഭാര്യയുടെ വെളിപ്പെടുത്തലിൽ വിശ്വാസമില്ലാതിരുന്ന വിജിലൻസ് ലോക്കൽ പോലീസിൻ്റെ സഹായത്തോടെ വീട്ടിൽ പരിശോധന നടത്തി. വീട്ടിൽ പരിശോധനക്ക് ശേഷം വിജിലൻസ് ഉദ്യോഗസ്ഥർ തിരികെ മടങ്ങി. ക്രമസമാധാന പ്രശ്‌നങ്ങൾ നോക്കാൻ വേണ്ടിയാണ് വന്നതെന്നും വിജിലൻസ് സംഘം ആവശ്യപ്പെട്ടിട്ടല്ല തങ്ങൾ എത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തദേശ തിരിഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് വിജിലൻസിന്റെ നിർണായക നീക്കം. അറസ്റ്റ് നീക്കം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നത് എന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ. മെട്രോ മാൻ ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കുവാനും വിജിലൻസ് ആലോചിക്കുന്നുണ്ട്.അതേ സമയം ഇബ്രാഹിംകുഞ്ഞിനെതിരായ അടിയന്തര നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് യു ഡി എഫ് നേതാക്കളുടെ പ്രതികരണം.