ബാർ കോഴ ജോസ് കെ മാണിക്കെതിരെ മാത്രം അന്വേഷണം ഇല്ല.

തിരുവനന്തപുരം / ബാർ കോഴയുമായി ബന്ധപ്പെട്ട് ബാർ ഉടമ ബിജു രമേശിന്റെ ആരോപണങ്ങളിൽ ജോസ് കെ മാണിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് മാത്രം അന്വേഷണം ഇല്ല. കോഴ ആരോപണത്തിൽ നിന്നു പിൻമാറാൻ ജോസ് കെ.മാണി 10 കോടി വാഗ്ദാനം ചെയ്‌തെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ഇപ്പോൾ അന്വേഷി ക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ജോസ് കെ.മാണി എൽ ഡി എഫിലേക്ക് ചേക്കേറിയ സാഹചര്യത്തിലാണിത്. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരായ ബാർ കോഴ ആരോപണത്തിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് സർക്കാർ സ്പീക്കറുടെ അനുമതി തേടിയിരിക്കുകയാണ്. ഇന്നലെ വൈകിട്ടോടെ രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണാനുമതി തേടുന്ന ഫയൽ സ്പീക്കറുടെ ഓഫിസിലേക്ക് അയച്ചിട്ടുണ്ട്.
മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാറിനും കെ.ബാബുവിനും എതി രായ അന്വേഷണത്തിനു ഗവർണറുടെ അനുമതിയാണ് തേടുന്നത്.
ചെന്നിത്തലയ്ക്കെതിരായ അന്വേഷണത്തിനു ഗവർണറുടെയും, ശിവകുമാറിനും ബാബുവിനും എതിരായുള്ള അന്വേഷണത്തിന് സ്പീക്കറുടെയും അനുമതി തേടാനായിരുന്നു ആദ്യ തീരുമാനം. ബാർ ഉടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണ സമയത്തു രമേശ് ചെന്നിത്തല നിയമസഭാംഗം മാത്രം ആയിരുന്നതിനാൽ സ്പീക്കറുടെ അനുമതി മതിയെന്നും ഗവർണറുടെ അനുമതി വേണ്ടെന്നായിരുന്നു നിയമോപദേശം. ആ കാലയളവിൽ ബാബുവും ശിവകുമാറും മന്ത്രിമാരായിരുന്നതിനാൽ ആണ് ഗവർണറുടെ അനുമാതി തേടുന്നത്. കേസ് ഇതിനു മുൻപ് അന്വേഷിച്ചു തെളിവില്ലെന്ന് കണ്ടെത്തിയ തിനാൽ വീണ്ടും അന്വേഷണാനുമതി നൽകരുതെന്ന് ചെന്നിത്തല, ഗവർണർക്കു നിവേദനം നൽകിയിരുന്നതാണ്. ഗവർണ്ണറുടെ ഭാഗത്ത് നിന്ന് മറുപടി കിട്ടാൻ വൈകിയതോടെയാണ് സർക്കാർ രമേശിന്റെ കാര്യത്തിൽ സ്പീക്കറുടെ അനുമതി മതിയെന്ന നിലപാടിൽ എത്തി യിരിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ, ബാർ ഉടമകൾ ഒരു കോടി രൂപ കെപിസിസി ഓഫിസിൽ എത്തിച്ച് ചെന്നിത്തലയ്ക്കും 50 ലക്ഷം രൂപ ബാബുവിനും 25 ലക്ഷം രൂപ ശിവകുമാറിനും കൈമാറിയെന്നാണ് ബിജു രമേശ് ആരോപിച്ചിരുന്നത്.