തപാൽ വോട്ട് അനുവദിച്ചില്ല, മുൻ മുഖ്യമന്ത്രി വിഎസിന് വോട്ട് ചെയ്യാന്‍ ആയില്ല.

തിരുവനന്തപുരം / മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് ഇത്തവണ വോട്ട് ചെയ്യാന്‍ ആയില്ല. തപാല്‍ വോട്ടിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് മുൻ മുഖ്യമന്ത്രിക്ക് വോട്ടു ചെയ്യാൻ കഴിയാതെ വന്നത്. 70 വര്‍ഷത്തിനിടെ ആദ്യമായാണ് വിഎസിനു ഒരു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാൻ കഴിയാതെ വന്നിരിക്കുന്നത്. 1951ലെ ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും വിഎസ് വോട്ട് ചെയ്തിട്ടുണ്ട്. പറവൂര്‍ ഗവ. എച്ച് എസ്എസിലെ പോളിംഗ് ബൂത്തിലാണ് വിഎസിനും കുടുംബത്തിനും വോട്ട് ഉള്ളത്. ഇപ്പോൾ തിരുവനന്തപുരത്തുള്ള വിഎസിന് ആരോഗ്യപരമായ കാരണങ്ങളാല്‍ യാത്ര ചെയ്യാൻ കഴിയാത്തതിനെ തുടർന്നാണ് തപാൽ വോട്ടിനു അപേക്ഷിച്ചിരുന്നത്. ദൂര യാത്രക്ക് ഡോക്ടര്‍മാരുടെ വിലക്കുള്ളതിനാലാണ് അനാരോഗ്യം കാരണം തിരുവനന്തപുരത്ത് നിന്നും എത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി വിഎസ് തപാല്‍ വോട്ടിന് അനുമതിക്കായി അപേക്ഷ നൽകിയിരുന്നത്. എന്നാല്‍ ചട്ടപ്രകാരം തപാല്‍ വോട്ടിന് അനുമതി നല്കാന് കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.
തപാല്‍ വോട്ടിന് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നു വിഎസിന്റെ മകന് വി.എ.അരുണ്‍ കുമാര്‍ ആണ് പറഞ്ഞിട്ടുള്ളത്. കോവിഡ് ബാധിതര്‍, കോവിഡുമായി ബന്ധപ്പെട്ടു ക്വറന്റീനില്‍ കഴിയുന്നവര്‍, തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമാണു തപാല്‍ വോട്ട് അനുവദിക്കാൻ ചട്ടം പറയുന്നതെന്നായിരുന്നു വിശദീകരണം. തപാല്‍ വോട്ട് അനുവദിക്കാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ ഖേദിക്കുന്നെന്ന് ഉദ്യോഗസ്ഥര്‍ വിഎസിന്റെ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു.