ഡി ജി പി കസേരക്കായി ചരടുവലികൾ ശക്തമായി.

തിരുവനന്തപുരം /നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റണോയെന്ന കാര്യത്തിൽ അടുത്ത മാസത്തോടെ തീരുമാനം എടുക്കാനിരിക്കെ പൊലീസ് മേധാവി കസേരക്കായുള്ള ചരട് വലികൾ ശക്തമായി. സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ ലോക്നാഥ് ബെഹ്റ നാല് വര്‍ഷമാവുകയാണ്. മൂന്ന് വര്‍ഷം ഒരേ പദവിയില്‍ തുടരുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് മാറ്റണമെന്ന് നിയമമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചില്ലങ്കില്‍ മാത്രം ബഹ്‌റയെ മാറ്റുക എന്നാണു സർക്കാർ ആലോചിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ചുമതല ഏതെങ്കിലും എഡിജിപിക്ക് നല്‍കി ബെഹ്റയെ നിലനിര്‍ത്താനാണ് സർക്കാർ ആലോചിക്കുന്നത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ് ഇക്കാര്യത്തിൽ നിര്‍ണായകമായിരിക്കുന്നത്.
അടുത്ത ജൂണില്‍ ലോക്നാഥ് ബെഹ്റ വിരമിക്കുകയാണ്. വിരമിക്കാന്‍ ആറ് മാസം മാത്രമുള്ളപ്പോൾ സ്ഥലം മാറ്റരുതെന്ന ചട്ടവും ബെഹ്റയ്ക്ക് തുണയാകും. ഭരണത്തിന്റെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന ബെഹ്റയെ തെരഞ്ഞെടുപ്പിലും കൂടെ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചില്ലങ്കില്‍ മാത്രം മാറ്റിയാൽ മതിയെന്നും ആലോചിക്കുകയാണ്. ബെഹ്റ മാറിയാല്‍ ഡി ജി പി ആയി പരിഗണിക്കപ്പെടേണ്ടവരിൽ ആര്‍.ശ്രീലേഖ, ഋഷിരാജ് സിങ്, ടോമിന്‍ തച്ചങ്കരി, അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ്കുമാര്‍ എന്നിവരാണ് ഉള്ളത്. ശ്രീലേഖ ഈ മാസം വിരമിക്കുകയാണ്. ഋഷിരാജ് ജൂലായില്‍ വിരമിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജി ഡയറക്ടറായി പ്രവർത്തിച്ചു വരുന്ന അരുണ്‍കുമാര്‍ സിന്‍ഹ കേരളത്തിലേക്ക് മടങ്ങുമെന്നു കരുതുന്നില്ല. ഈ സാഹചര്യത്തിൽ ടോമിന്‍ തച്ചങ്കരിക്കും, സുദേഷ്കുമാറിനും ആണ് അവസരം ഒരുങ്ങുന്നത്. ഇവരിൽ ആരാകും ഡി ജി പി എന്നത് ആണ് അറിയേണ്ടത്.ഇതിനായുള്ള കിടമത്സരം പിന്നാമ്പുറത്ത് തകൃതിയായി നടക്കുകയാണ്.