എയിംസിൽ നഴ്സുമാരുടെ സമരത്തിനിടെ പൊലീസ് ലാത്തി വീശി, നിരവധി നഴ്സുമാർക്ക് പരുക്ക്.

ന്യൂഡൽഹി/ എയിംസിൽ നഴ്സുമാരുടെ സമരത്തിനിടെ സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ നിരവധി നഴ്സുമാർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ വരുന്നത്. ശമ്പളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക തുടങ്ങി 23 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നഴ്സുമാർ സമരം നടത്തുന്നത്.അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്കരിച്ചാണ് സമരം. ഇന്നലെ മുതലാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തതും തുടങ്ങിയതും. തിങ്കളാഴ്ച ആരംഭിച്ച സമരം ജീവനക്കാരെ അനുനയിപ്പിച്ചുകൊണ്ടു പരിഹരിക്കാൻ എയിംസ് അധികൃതർ നടത്തിയ ശ്രമങ്ങൾ പരാജയപെടുകയായിരുന്നു.
തീരുമാനം വരുംവരെ ജോലിയില്‍ പ്രവേശിക്കാന്‍ തയാറല്ലെന്നാണ് നഴ്സുമാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആറാം ശമ്പള കമ്മീഷന്, ഇഎച്ച്എസ് എന്നിവ നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ നഴ്സുമാർക്ക് അന്ത്യശാസനവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു.നഴ്സുമാർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുകയുണ്ടായി. ആശുപത്രിയിലെ സേവനങ്ങൾ മുടങ്ങാതിരിക്കാൻ ആവശ്യ നടപടി സ്വീകരിക്കുവാൻ എയിംസ് അധികൃതർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.