എൽ ഡി എഫിന് മിന്നുന്ന വിജയം, ട്വന്റി-20 യുടേത് ഒരു പുതിയ വിപ്ലവാഹ്വാനം.

തിരുവനന്തപുരം / വ്യവാദങ്ങളും അന്വേഷങ്ങളും,ആരോപണങ്ങളും എല്ലാം മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മിന്നുന്ന വിജയം. സ്വർണക്കടത്തും ലൈഫ് മിഷനും ഒക്കെ വിവാദങ്ങളും ചർച്ചയുമായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ 5 കോർപറേഷനുകളിലും 36 മുൻസിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 108 ബ്ലോക്ക് പഞ്ചായത്തുകളിലും 515 ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് മുന്നിലെത്തി. തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് മേൽക്കൈ ലഭിച്ചത് സർക്കാരിനു നഷ്ട്ടമായ ആത്മ വിശ്വാസത്തിനും കാരണമാക്കി. മുൻസിപ്പാലിറ്റികളിൽ മാത്രമാണ് യു ഡി എഫിന് ഒപ്പത്തിനൊപ്പം നിൽക്കാനായത്. തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന നിലപാടായിരുന്നു ഇരുമുന്നണികൾക്കും ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ ഫലം ഇടതുമുന്നണിയുടെ ആത്മവിശ്വാസം ആണ് വർധിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയേതര കാഴ്ച്ചപ്പിന്റെ കൂട്ടായ്മയുടെ വിജയമാണ് ഈ തെരെഞ്ഞെടുപ്പിൽ എന്തുകൊണ്ടും ശ്രദ്ധേയമായത്. കിഴക്കമ്പലത്തിന് പുറമെ ഐക്കരനാടും ട്വന്റി-20 ഭരണം പിടിച്ചിരിക്കുന്നു. മുഴവന്നൂർ, കുന്നത്തുനാട് എന്നിവിടങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും ട്വന്റി-20 ക്ക് കഴിഞ്ഞു എന്നത്,കേരളത്തിൽ ഒരു രാഷ്ട്രീയേതര മുന്നേറ്റത്തിനുള്ള വാതിൽ തുറന്നിരിക്കുകയാണ്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും എൽ ഡി എഫ് വ്യക്തമായ ആധിപത്യം ലഭിച്ചിരിക്കുകയാണ്. മുൻസിപ്പാലിറ്റികളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു മുന്നണികളും നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളിൽ 518 എണ്ണത്തിലും എൽ ഡി എഫ് മുന്നിട്ടു നിൽക്കുന്നു. യു ഡി എഫിന് 366, എൻ ഡി എ 24, മറ്റുളളവർ 32 എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ സീറ്റ് നില. ബ്ലോക്ക് പഞ്ചായത്തിൽ 152ൽ എൽ ഡി എഫ് 108 ഇടത്തും യു ഡി എഫ് 44 ഇടത്തും ലീഡ് ചെയ്യുകയാണ്. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളിൽ പത്തിടത്ത് എൽ ഡി എഫ് ലീഡ് ചെയ്യുന്നു. 4 ഇടത്ത് യു ഡി എഫിന് ലീഡ് ചെയ്യുന്നു. തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാനായതും, ജോസ് കെ മാണിയെ ഒപ്പം കൂട്ടി സഭാതർക്കത്തിൽ ആരെയും വേദനിപ്പിക്കാതെ എടുത്ത നിലപാട് വഴി പാലായിലും, കോട്ടയത്തും ഉൾപ്പടെയുള്ള മലയോര മേഖലയിൽ എൽ ഡി എഫിന് ഗുണകരമായി. യു ഡി എഫ് രാഷ്ട്രീയമായി കൊണ്ട് വന്ന തന്ത്രങ്ങൾ പരാജയപെട്ടു എന്നാണ് ഫലം വിളിച്ചു പറയുന്നത്. വിവാദങ്ങൾ ഉന്നയിച്ച് സർക്കാരിനെ ആക്രമിച്ചു കൊണ്ടിരുന്നപ്പോൾ ജനങ്ങളിൽ നിന്നും പാലിച്ച അകലം തന്നെ പിഴച്ചെന്ന് പറയേണ്ടി വരും. ജോസ് കെമാണിയെ കൈവിട്ട് ജോസഫിനെ കൂടെനിർത്തിയതും വെൽഫയർ പാർട്ടിയുമായുളള നീക്കുപോക്കിലെ ആശയക്കുഴപ്പവും യു ഡി എഫിൽ പരസ്യ വിഴുപ്പലക്കളുമൊക്കെ നടത്തിയതിലെ ശരിയും തെറ്റും ഒക്കെ യു ഡി എഫ് ഇനി ഒരു പോസ്റുമോർട്ടത്തി ലൂടെ അപഗ്രഥനം ചെയ്യേണ്ടി വരും.