കൊച്ചി ഭരിക്കാൻ വിമതന്മാർ കനിയണം.

കൊച്ചി/ യു ഡി ഫോ, എൽ ഡി ഫോ ഒറ്റക്ക് വിചാരിച്ചാൽ കൊച്ചി കോര്‍പറേഷന്‍ ഭരിക്കാനാനാവില്ല. കൊച്ചി കോര്‍പറേഷന്‍ ആര് ഭരിക്കണമെന്ന് ഇത്തവണ തീരുമാനിക്കുന്നത് സ്വതന്ത്രര്‍ തന്നെയായിരിക്കും. അവരുടെ കനിവായിരിക്കും ഏതു മുന്നണിയെയും ഭരണത്തിൽ എത്തിക്കുക. 74 ഡിവിഷനുള്ള കൊച്ചി കോര്‍പറേഷനില്‍ 34 സീറ്റില്‍ എല്‍ഡിഎഫും 31 സീറ്റില്‍ യുഡിഎഫും അഞ്ച് ഇടത്ത് ബിജെപിയും നാല് സീറ്റില്‍ സ്വതന്ത്രരും ആണ് വിജയിച്ചിരിക്കുന്നത്. ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ കോര്‍പറേഷന്‍ ആര് ഭരിക്കണമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ തീരുമാനിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അത് കൊണ്ട് തന്നെ കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും ആര് ഭരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കോര്‍പറേഷനില്‍ വിജയിച്ച നാല് വിമതന്‍മാർ സ്വീകരിക്കുന്ന നിലപാട് ആയിരിക്കും ഇക്കാര്യത്തിൽ നിർണായകം. എല്‍ഡിഎഫ് വിമതന്‍റെയടക്കം പിന്തുണ തേടി യുഡിഎഫ് രംഗത്ത് ഇറങ്ങിയിട്ടുണ്ട്. അതേസമയം, ഇടത് വിമതന്‍ തങ്ങൾക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷ എൽ ഡി എഫിനും ഉണ്ട്.
23 മത്തെ വാര്‍ഡില്‍ നിന്നാണ് എല്‍ഡിഎഫ് വിമതന്‍ കെ പി ആന്റണി വിജയിച്ചത്. രണ്ട് കോണ്‍ഗ്രസ് വിമതന്‍മാരും ഒരു ലീഗ് വിമതനും വിജയം കൊയ്തിട്ടുണ്ട്. കല്‍വത്തി ഡിവിഷനില്‍ നിന്നാണ് ലീഗ് വിമതനായി ടി കെ അഷറഫ് വിജയിച്ചത്. കോണ്‍ഗ്രസ് വിമതരായി മത്സരിച്ച സനില്‍ മോന്‍ എട്ടാം വാര്‍ഡില്‍ നിന്നും മേരി കലിസ്റ്റ് പ്രകാശന്‍ 22ആം വാര്‍ഡില്‍ നിന്നും വിജയിച്ചു. വിജയിച്ച നാല് വിമതന്‍മാരെയും ഒപ്പം നിര്‍ത്തിയാല്‍ മാത്രമാണ് യുഡിഎഫിന് ഭരണം കിട്ടുക. എന്നാൽ വിജയം നേടിയ എൽ ഡി എഫ് വിമതനേ കിട്ടിയാൽ എൽ ഡി എഫിന് ഭരണം കിട്ടും. എല്‍ഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച കെ പി ആന്റണി പിന്തുണക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷിക്കുന്നത്. ലീഗ് വിമതനായ ടി കെ അഷറഫിനെയും ഒപ്പം നിര്‍ത്താനുള്ള ശ്രമം എല്‍ഡിഎഫ് നടത്തുന്നുണ്ട്. മറുവശത്ത് എല്‍ഡിഎഫ് വിമതനടക്കമുള്ളവരോട് ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തി വരുന്നു. നാല് പേരെയും ഒപ്പം നിര്‍ത്തി ഭരണം ഉറപ്പിക്കാനുള്ള തീവ്ര ശ്രമം യുഡിഎഫ് നടത്തുകയാണ്.