കൊറോണ വന്നു പോയവർക്ക് അപകടകരമായ ഫംഗസ് ബാധ, കാഴ്ച നഷ്ട്ടമാകും,ഇതുവരെ അഞ്ച് മരണം.

തിരുവനന്തപുരം/ കൊറോണയുമായി ബന്ധപ്പെട്ടു നടക്കുന്ന പഠനങ്ങളിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ജനങ്ങളെ ഭയപ്പെടുത്തുന്ന വിവരങ്ങൾ. വളരെ ആരോഗ്യവാന്മാരായവർക്കു പോലും രോഗം ബാധിച്ച സമയത്തു ഇല്ലാതിരുന്ന പ്രശ്നങ്ങൾ രോഗമുക്തിക്കു ശേഷം ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഞെട്ടിക്കുന്ന മറ്റൊരു വിവരമാണ് പുറത്തു വന്നിരിക്കുന്നത്. കൊറോണ വന്നു പോകുന്നവർക്ക് അപൂര്‍വവും അപകടകരവുമായി ഫംഗസ് ബാധ കണ്ടെത്തി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന മ്യുകോര്‍മൈകോസിസ് എന്ന രോഗം ബാധിച്ച നിരവധി രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ടെന്നു ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ ഇഎന്‍ടി സര്‍ജന്‍മാരുടെ വെളിപ്പെടുത്തൽ. ഇത്തരത്തിലുള്ള 13 രോഗികളാണ് കഴിഞ്ഞ 15 ദിവസത്തിനിടെ ആശുപത്രിയിലെത്തിയത്. ഇവരില്‍ 5 രോഗികള്‍ക്ക് മരണം സംഭവിച്ചു. അഞ്ച് പേരുടെ നില ഗുരുതരമായി. 50 ശതമാനം പേര്‍ക്ക് കാഴ്ചയും നഷ്ടമായി. കാഴ്ച നഷ്ടത്തിനു പുറമേ മൂക്കും താടിയെല്ലും നഷ്ടമാകുന്ന അവസ്ഥ ഇതിന്റെ ഭാഗമാണ്. ഇതിനു കാരണം മ്യൂക്കോര്‍മിസെറ്റസ് എന്ന ഒരു തരം പൂപ്പല്‍ ആണ്. അപൂര്‍വ രോഗമാണ് ബ്ലാക്ക് ഫംഗസ്എന്ന് കൂടി അറിയപ്പെടുന്ന മ്യുകോര്‍മൈകോസിസ്. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍,ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ തുടങ്ങിയവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നതെന്നാണ് വിവരം. ഇവ കൂടുതലായും അവയവ മാറ്റിവയ്ക്കല്‍ നടക്കുമ്പോഴും തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്കിടയിലും പ്രതിരോധ ശേഷി കുറഞ്ഞ രോഗികളിലാണ് ഉണ്ടാകാറുള്ളത്. ഈ കൊലയാളി ഫംഗല്‍ ബാധ കോവിഡിനോട് അനുബന്ധിച്ച് പരിഭ്രാന്തി കൂട്ടുകയാണ്. അതുകൊണ്ടു തന്നെ മൂക്കിലെ തടസ്സം, കണ്ണിലെയും കവിളിലെയും നീര്‍വീക്കം, മൂക്കില്‍ കറുത്ത വരണ്ട പുറംതോട് തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന കോവിഡ് രോഗികള്‍ക്കും രോഗമുക്തര്‍ക്കും ഉടനെ ബയോപ്‌സി നടത്തി ആന്റി ഫംഗല്‍ തെറാപ്പി ആരംഭിക്കണമെന്ന് ഗംഗാറാം ആശുപത്രിയിലെ ഇന്‍ടി സര്‍ജന്‍ വരുണ്‍ റായ് അറിയിച്ചു. ഫംഗസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ രോഗിയെ ഒരുപക്ഷെ രക്ഷിച്ചെടുക്കാനാകും. അതേസമയം രാജ്യത്തു കണ്ടുപിടിക്കപ്പെട്ട ഓരോ കോവിഡ് കേസുകൾക്കിടയിലും തിരിച്ചറിയപ്പെടാതെ പോയത് 90 രോഗികളെന്നാണ് മറ്റൊരു പഠനം പറയുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഡിഎസ്ടി) നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണു ഈ പരാമർശം. രാജ്യത്ത് ഫെബ്രുവരി 2021നകം കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് പ്രവചനം ഇവർ നടത്തിയിരുന്നു .
പ്രീജ എസ് ആർ.