രാവിലെ പ്‌ളസ് ടു പരീക്ഷ, ഉച്ചക്ക് എസ്.എസ്.എൽ.സി.പരീക്ഷ.

തിരുവനന്തപുരം / മാർച്ച് മാസം നടക്കാനിരിക്കുന്ന പത്താം ക്ലാസ്, പ്ലസ്ടു ബോർഡ് പരീക്ഷകളുടെ സമയക്രമത്തിന്റെ കാര്യത്തിൽ തീരുമാനമായി. മാർച്ച് 17 മുതൽ രാവിലെ പ്‌ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സി.പരീക്ഷയും നടത്തും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ചോദ്യങ്ങൾ നൽകി അവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതാനുള്ള അവസരം നൽകുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നുണ്ട്. പരീക്ഷകൾ വിദ്യാർത്ഥി സൗഹൃദമായിരിക്ക ണമെന്ന് വെള്ളിയാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗം നിർദേശിക്കുകയായിരുന്നു. ക്ലാസ് പരീക്ഷകൾക്ക് പ്രാധാന്യം നൽകി, മാതൃകാപരീക്ഷ നടത്തിയ ശേഷം മാത്രമായിരിക്കും വാർഷിക പരീക്ഷ നടത്തുക. സ്‌കൂളുകളിലേക്ക് കുട്ടികൾ എത്തുന്നതിന് മുൻപ് ഓൺലൈൻ പരീക്ഷകൾ നടത്തുന്നതിനെപ്പറ്റി രക്ഷിതാക്കളിൽ നിന്ന് അഭിപ്രായം തേടാനും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിച്ചിരുന്ന സ്‌കൂളുകളിൽ ഈ മാസം അവസാനത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരിൽ എത്രപേർ ഓരോ ദിവസവും സ്കൂളുകളിൽ എത്തണമെന്ന കാര്യം ക്രമീകരിക്കാനുള്ള അധികാരം സ്കൂളുകൾക്ക് നൽകുകയാണ്.