ഡോ.ബീന ഫിലിപ്പ് കോഴിക്കോട് മേയറാകും.

കോഴിക്കോട് / തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മിന്നും വിജയം നേടിയ കോഴിക്കോട് കോര്‍പ്പറേഷനില്‍ ഡോ.ബീന ഫിലിപ്പ് മേയറാകും. കോര്‍പ്പറേഷനിലെ പൊറ്റമ്മല്‍ വാര്‍ഡില്‍ നിന്നുമാണ് ബീന വിജയിച്ചത്. കപ്പക്കല്‍ വാര്‍ഡില്‍ നിന്നും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച മുസാഫിര്‍ അഹമ്മദ് ഡെപ്യൂട്ടി മേയര്‍ ആവും. നടക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയി വിരമിച്ച ബീനഫിലിപ്പിനെ സിപിഎം നേതൃത്വം മുന്‍കൈയ്യെടുത്ത് മത്സര രംഗത്തേക്കിറക്കുകയായിരുന്നു. കോട്ടൂളിയില്‍ നിന്ന് മത്സരിച്ച ഡോ. ജയശ്രീയുടെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും ബീന ഫിലിപ്പിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം ജില്ലാകമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയായ നടക്കാവ് ഗവണ്മെന്റ് ഗേള്‍സ് സ്കൂളില്‍ പ്രിസം പദ്ധതി നടപ്പാക്കുമ്പോള്‍ ബീന ഫിലിപ്പ് പ്രധാനാധ്യാപികയായിരുന്നു. ഈ മാസം 28നാണ് മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.