കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ. ഫൈസലിന്റെ വീട്ടിനുനേരെ സ്റ്റീൽ ബോംബെറിഞ്ഞു.

പടന്ന: കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ. ഫൈസലിന്റെ എടച്ചാക്കൈ കൊക്കാക്കടവിലെ വീട്ടിനുനേരെ സ്റ്റീൽ ബോംബാക്രമണം ഉണ്ടായി. ശനിയാഴ്ച അർധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ മുകൾ നിലയിലെ ജനാല പടികളും ചില്ലുകളും തകർന്നു. രണ്ടിടങ്ങളിലായി ജനാല പടികൾക്ക് ദ്വാരം വീണിരിക്കുകയാണ്. ചുമരിലെ ടൈലുകൾ ഇളകിത്തെറിച്ചു വീണു. ചുമരുകളിലും ബോംബിന്റെ ചീളുകൾ തറച്ച് കയറിയിട്ടുണ്ട്.
ഫൈസലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനത്തിന്റെ ചില്ലുകളും തകർന്നു. ആണികളും ബോംബിന്റെ അവശിഷ്ടങ്ങളും തറയിൽ ചിതറിയ നിലയിലാണ്. സ്ഫോടന ശബ്ദം കേട്ടാണ് ഫൈസലും വീട്ടുകാരും ഉണരുന്നത്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പടന്ന പഞ്ചായത്തിൽ കടുത്ത മത്സരം നടന്ന 10, 12 വാർഡുകളിൽ കോൺഗ്രസ് സീറ്റ് നിലനിർത്തിയതിൽ പ്രകോപിതരായ സി.പി.എമ്മാണ് അക്രമത്തിന് പിന്നിലെന്ന് ഫൈസൽ ആരോപിച്ചിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വെള്ളിയാഴ്ച വൈകീട്ട് എടച്ചാക്കൈയിൽ യു.ഡി.എഫ് പ്രകടനം സംഘടിപ്പിച്ചിരുന്നു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ്, ചന്തേര സ്റ്റേഷൻ ഇൻസ്പെക്ടർ പി. നാരായണൻ, എസ്.ഐ മെൽബിൻ ജോസ്, ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് അന്വേഷണ നടപടികൾ ആരംഭിച്ചു. പി.ടി. തോമസ് എം.എൽ.എ, യു.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ വീട്ടിലെത്തുകയുണ്ടായി.