ഓക്സ്ഫഡ് സർവകലാശാലയുടെ വാക്സിൻ രോഗികളിൽ ഉപയോഗിക്കുന്നതിനായി യുകെയിലെ റഗുലേറ്റർ അനുമതി നൽകുന്നതും കാത്ത് ഇന്ത്യ.

ന്യൂഡൽഹി /ലോകം കൊവിഡിനെതിരേ കാത്തിരിക്കുന്ന ഓക്സ്ഫഡ് സർവകലാശാലയുടെ വാക്സിൻ രോഗികളിൽ ഉപയോഗിക്കുന്നതി നായി യുകെയിലെ റഗുലേറ്റർ അനുമതി നൽകുന്നത് ഉറ്റുനോക്കിയിരി ക്കുകയാണ് ഇന്ത്യ. ഈ മാസം അവസാനത്തോടെ യുകെയിലെ റഗുലേറ്റർ അനുമതി നൽകുന്നതോടെ മാത്രമേ സീറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്സിന് ഇന്ത്യയിലും അനുമതി ലഭിക്കുകയുള്ളൂ.
ഓക്സ്ഫഡ്- ആസ്ട്രസെനക വാക്സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയിൽ ലഭ്യമാക്കുന്നത്. അതിന് അനുമതി നൽകുന്ന കാര്യം യുകെയിലെ റഗുലേറ്റർ എന്തു പറയുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും. ഇന്ത്യയിലെ സബ്ജക്റ്റ് എക്സ്പർട്ട് കമ്മിറ്റി യുകെയുടെ തീരുമാനം വിലയിരുത്തുകയാണ് ചെയ്യുക. ഇക്കാര്യത്തിൽ, തങ്ങളുടെ പരിശോധനകൾ നടക്കുകയാണെന്ന് യുകെയിലെ റഗുലേറ്റർമാരായ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ റഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ)യുടെ വക്താവ് ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു. എന്നാൽ, വിശദമായി തന്നെ എല്ലാം പരിശോധിക്കുകയാണെന്നും, കഴിയുന്നത്ര വേഗം ഇതു പൂർത്തിയാക്കുമെന്നും, എംഎച്ച്ആർഎ വക്താവ് പറഞ്ഞിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ വാക്സിന് യുകെ റഗുലേറ്റർ അനുമതി നൽകുമെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ട്. ജനുവരി ആദ്യം വാക്സിൻ വിതരണം ആരംഭിച്ചേക്കുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് “ദ ഡെയ്ലി ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസംബർ ഇരുപത്തെട്ടിനോ ഇരുപത്തൊമ്പതിനോ എംഎച്ച്ആർഎ വാക്സിൻ അംഗീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.50 ദശലക്ഷത്തിലേറെ ഓക്സ്ഫഡ് വാക്സിൻ ഡോസുകളാണ് ഇന്ത്യ വാങ്ങുന്നത്. സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയിൽ ഇതു നൽകുക. ഫൈസർ- ബയോൺടെക് വാക്സിനെക്കാൾ ഇന്ത്യയ്ക്ക് യോജിച്ചത് ഓക്സ്ഫഡ് വാക്സിനാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ വാക്സിൻ സാധാരണ റഫ്രിജറേറ്ററുകളിൽ സൂക്ഷിക്കാനാവും. എന്നാൽ, ഫൈസർ വാക്സിന് കൂടുതൽ തണുപ്പുള്ള സ്റ്റോറെജ് സൗകര്യങ്ങൾ ആവശ്യമാണ്. ഫൈസറിന്റേത് എന്നത് പോലെ ഇതും രണ്ടു ഡോസ് ആണ് എടുക്കേണ്ടത്. ഫൈസർ ഡോസുകൾ മൂന്നാഴ്ച ഇടവേളയിലാണെങ്കിൽ ഓക്സ്ഫഡിന്റേത് നാലാഴ്ച ഇടവേളയിൽ എടുത്താൽ മതിയാകും.
62 മുതൽ 90 ശതമാനം വരെയാണ് വിവിധ പ്രായഗ്രൂപ്പുകളിൽ വിവിധ റേഞ്ചിൽ വാക്സിന്റെ ഫലപ്രാപ്തി കണ്ടെത്തിയിരിക്കുന്നത്. രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള കൃത്യമാക്കുന്നതു വഴി ഫലപ്രാപ്തി പരമാവധി വർധിപ്പിക്കാനാവുമെന്ന് ഏതാനും ദിവസം മുൻപ് പുറത്തുവന്ന പഠനം പറയുന്നുണ്ട്. യുകെയിലാണ് ഓക്സ്ഫഡ് വാക്സിന്റെ കൂടുതൽ ഉത്പാദനവും ഇപ്പോൾ നടന്നു വരുന്നത്. എന്നാൽ, ആദ്യ ബാച്ചിലെ 40 ലക്ഷം ഡോസുകൾ നെതർലൻഡ്സിൽ നിന്നും ജർമനിയിൽ നിന്നുമാണു നൽകുക. ഇതിനു പുറമേ 15 ദശലക്ഷം ഡോസുകൾ കൂടി ഏതാനും ദിവസങ്ങൾക്കകം ലഭ്യമാക്കാനാവുമെന്ന് പ്രമുഖ ഔഷധ നിർമാതാക്കളായ ആസ്ട്രസെനക വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം,രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ ബന്ധപ്പെട്ട വിദഗ്ധരോടു നിർദേശിച്ചിട്ടുണ്ട്. രാജ്യത്ത് ഏതാണ്ട് 30 കോടി ജനങ്ങൾക്ക് മാസങ്ങൾക്കകം വാക്സിൻ നൽകുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.