കോഴിക്കോട്ടെ ഷിഗെല്ല ബാധ വെള്ളത്തിൽ നിന്ന് തന്നെയെന്ന് റിപ്പോർട്ട്.

കോഴിക്കോട് / കോഴിക്കോട്ടെ ഷിഗെല്ല ബാധ വെള്ളത്തിൽ നിന്ന് തന്നെയെന്ന് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. രോഗ വ്യാപനം തുടർന്നും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷിഗെല്ല ബാധിച്ച് മരിച്ച പതിനൊന്നു വയസ്സുകാരന്റെ വീട്ടിലേയും സമീപത്തേയും അഞ്ച് കിണറുകളിലെ വെള്ളം പരിശോധിച്ചതിൽ രണ്ട് കിണറുകളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
കോഴിക്കോട് ജില്ലയിലെ കോട്ടാംപറമ്പ് മുണ്ടിക്കൽ താഴത്ത് ഷിഗല്ല ബാധയുണ്ടായത് വെള്ളത്തിലൂടെയെന്നാണ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ആരോഗ്യ വകുപ്പിന് കൈമാറിയ അന്തിമ റിപ്പോർട്ടിൽ പറയുന്നത്. വീണ്ടും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും ലക്ഷണങ്ങൾ ഉള്ളവർ വളരെ വേഗം ചികിത്സ തേടണമെന്നും മെഡിക്കൽ വിഭാഗം നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടിലും മെഡിക്കൽ കോളേജ് ടീം ഇതേകാര്യമാണ് പറഞ്ഞിരുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സമിതിയും രോഗം പടർന്നത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് നിഗമനത്തിലായിരുന്നു. 52 പേർക്ക് ആണ് ഇപ്പോൾ ലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഫറോക്കിൽ കഴിഞ്ഞ ദിവസം ഒന്നര വയസ്സുള്ള കുട്ടിക്കു കൂടി രോഗം സ്ഥീരികരിച്ചത്തോടെ, ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുക യാണ്.