സ്വര്‍ണക്കടത്ത് കേസിന് പുതിയ വഴിത്തിരിവ്, സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴിയിൽ പറയുന്ന ഉന്നതരിലേക്ക് കസ്റ്റംസ് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം / കസ്റ്റംസിന്‍റെ അപേക്ഷ പ്രകാരം കോടതി രേഖപ്പെടുത്തിയ സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴിയിൽ പറയുന്ന ഉന്നതരിലേക്ക് കസ്റ്റംസ് അന്വേഷണം തുടങ്ങി. സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴിയിൽ കേരളത്തിലെ നാല് ഉന്നതർക്ക് സ്വർണക്കടത്തിൽ പങ്കുള്ളതായി പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരിലേക്ക് കേസന്വേഷണം തിരിയുന്നത് സ്വര്‍ണക്കടത്ത് കേസിന് പുതിയ വഴിത്തിരിവാകും. ഇക്കാര്യത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ കോടതി രേഖപ്പെടുത്തിയ സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴി എന്‍ഫോഴ്സ്മെന്‍റിന് കൈമാറാന്‍ കസ്റ്റംസ് വിസമ്മതിച്ചിട്ടുണ്ട്.
അതേസമയം,സ്വര്‍ണക്കടത്ത് കേസില്‍ അന്തിമ കുറ്റപത്രം നല്‍കാന്‍ ആറുമാസം കഴിയുമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഇപ്പോൾ പറയുന്നത്. എം.ശിവശങ്കറിന്‍റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സി.എം. രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളെപറ്റിയും, നിര്‍മാണപ്രവര്‍ത്തനങ്ങളെക്കുറിച്ചും, കൂടുതൽ വിവരങ്ങൾ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ ചില വിവരങ്ങള്‍ മാത്രം ഊരാളുങ്കല്‍ നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് സി.എം. രവീന്ദ്രനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുക. ശിവശങ്കറിന്‍റെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായിട്ടില്ല. സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രധാന പ്രതികളായ റബിന്‍സ്, കെ.ടി. റമീസ് തുടങ്ങിയവരെ വീണ്ടും ചോദ്യം ചെയ്യണം.
സ്വപ്നയ്ക്കും സരിത്തിനുമെതിരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഒക്ടോബറില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നതാണ്. അതിനു ശേഷമാണ്, യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും ചേര്‍ന്നാണ് സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ കോഴയിടപാടുകളും നിയന്ത്രിച്ചത് എന്ന കണ്ടെത്തലുമായി വ്യാഴാഴ്ച അനുബന്ധ കുറ്റപത്രം നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണം തുടരുകയാണെന്നും അന്തിമ കുറ്റപത്രം നല്‍കാന്‍ ആറുമാസം കഴിയുമെന്നും എന്‍ഫോഴ്സ്മെന്‍റ് വ്യക്തമാക്കിയിരിക്കുന്നത്.