നെയ്യാറ്റിൻകരയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവിന് പിറകെ ഭാര്യയും മരിച്ചു.

തിരുവനന്തപുരം /തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവിന് പിറകെ ഭാര്യയും മരിച്ചു. ഒഴിപ്പിക്കൽ നടപടിക്കിടെ പൊലീസ് എത്തിയപ്പോൾ ആത്മഹത്യക്ക് ശ്രമിച്ച ദമ്പതിമാരിൽ നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജൻ്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. പൊള്ളലേറ്റ ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് ഇവരുടെ ഭർത്താവ് രാജൻ മരണപ്പെട്ടത്.
നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും ആത്മഹത്യ ശ്രമം നടത്തുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും അന്ത്യം. രാജനും കുടുംബവും നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി നൽകിയ പരാതിയെത്തുടർന്ന് ഭൂമി ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാൻ എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം ഉണ്ടായത്. കുടിയൊഴിപ്പിക്കൽ തടയാൻ രാജൻ ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോൾ പൊലീസുകാർ ലൈറ്റർ തട്ടിയതിനെത്തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് രാജന്റെ മക്കൾ പറയുന്നത്. ഇക്കാര്യം രാജനും മരണപ്പെടും മുൻപ് പറഞ്ഞിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് പിന്മാറാൻ വേണ്ടിയാണ് താൻ ആത്മഹത്യാശ്രമം നടത്തിയതെനന്നായിരുന്നു രാജൻ പറഞ്ഞിരുന്നത്.