പുതുവത്സരാഘോഷം അടിച്ചു പൊളിക്കേണ്ട, കർശന ജാഗ്രത വേണം.

ന്യൂഡൽഹി / പുതുവത്സരാഘോഷം അടിച്ചു പൊളിക്കേണ്ടെന്നും, കർശന ജാഗ്രത വേണമെന്നും കേന്ദ്ര നിർദേശം. അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ, പുതുവത്സരാഘോഷ പരിപാടികളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു നൽകിയിരിക്കുന്ന എല്ലാ നിർദ്ദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് ഇതിൽ അന്തിമതീരുമാനം എടുക്കാവുന്നതാണ്.
സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി കൊറോണ വ്യാപനം ചെറുക്കുന്നതിന്, ആവശ്യമെങ്കിൽ രാത്രി കാല കർഫ്യൂ ഉൾപ്പെടെ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, സംസ്ഥാനങ്ങൾക്ക് ഉള്ളിലും അന്തർസംസ്ഥാന യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനും നിരോധനമേർപ്പെടുത്താൻ പാടില്ല. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി, ഡിസംബർ 30, 31, ജനുവരി 1 എന്നീ തീയതികളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാനാണ് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.