കെഎസ്‌ആര്‍ടിസി ഹിതപരിശോധനയിൽ ബിഎംഎസിന് 36 വർഷങ്ങൾക്ക് ശേഷം അംഗീകാരം

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിൽ മുപ്പത്തിയാറു വർഷങ്ങൾക്ക് ശേഷം ബിഎംഎസ് നേട്ടം കൊയ്തു. ഹിതപരിശോധനയിൽ ബിഎംഎസിന് അംഗീകാരം ലഭിച്ചു. കഴിഞ്ഞതവണ 8.31 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിഎംഎസ് ഇത്തവണ 18 ശതമാനം വോട്ട് നേടി. ആകെ പോള്‍ ചെയ്യുന്നതിന്റെ 15 ശതമാനം വോട്ട് നേടുന്ന സംഘടനയ്ക്കാണ് അംഗീകാരം ലഭിക്കുക. ഇടതു സംഘടനയായ സിഐടിയുവിനും ഐഎന്‍ടിയുസിയ്‌ക്ക് കീഴിലുളള ടിഡിഎഫിനും വോട്ട് ശതമാനം ഗണ്യമായി കുറഞ്ഞു.
സിഐടിയു അംഗീകാരം നിലനിര്‍ത്തിയെങ്കിലും വോട്ട് ശതമാനം 49ല്‍ നിന്ന് 35 ആയി കുറഞ്ഞു. അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന എഐടിയുസി കാര്യമായ നേട്ടമുണ്ടാക്കാനാകാതെ നാലാമതായി പുറംതള്ളപ്പെട്ടു. 9.67 ശതമാനം മാത്രമാണ് വോട്ട്. എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഓഫിസില്‍ വച്ചായിരുന്നു വോട്ടെണ്ണല്‍. ഏഴ് ട്രേഡ് യൂണിയനുകളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ആകെ നൂറ് ബൂത്തുകളായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. ഏറ്റവുമധികം വോട്ടര്‍മാരുളള തിരുവനന്തപുരത്ത് 23 ബൂത്തുകളുണ്ടായിരുന്നു.